ഹൈദരാബാദ്: മറച്ചുപിടിക്കുന്നതെന്തും ഒളിച്ചുകാണാനുള്ള ചിന്ത മനുഷ്യനോളം പഴക്കമുള്ള മനുഷ്യന്‍റെ സ്വഭാവത്തിലുള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ശാസ്‌ത്ര സാങ്കേതിക വിദ്യകള്‍ക്കൊപ്പം സ്വതന്ത്ര ചിന്താഗതികളും ഏറെ പുരോഗമിച്ച ഈ 21-ാം നൂറ്റാണ്ടിലും ഒളിച്ചുംപാത്തുമുള്ള 'പോണ്‍' കാണല്‍ മാറ്റമില്ലാതെ തന്നെ തുടരുന്നുമുണ്ട്. മാത്രമല്ല തുറന്നുപറച്ചിലുകളുടെ ഈ കാലത്തിലും 'പോണ്‍' തുറന്ന ചര്‍ച്ചകള്‍ക്കുള്ള വിഷയമാകുന്നത് വളരെ കുറവാണ് എന്നത് മറ്റൊരു വസ്‌തുത.
അറിയാതെയല്ല, മനപൂര്‍വം: ഈ സാഹചര്യത്തിലാണ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ കോമണ്‍ സെന്‍സ് മീഡിയ 'കൗമാരക്കാരും പോണോഗ്രാഫിയും' എന്ന വിഷയത്തില്‍ പഠനവുമായെത്തിയത്. പഠനത്തിന്‍റെ ഭാഗമായി അവര്‍ നടത്തിയ സര്‍വേയില്‍ കൗമാരക്കാരായ മിക്ക കുട്ടികളും ആകസ്‌മികമായി ലൈംഗിക ദൃശ്യങ്ങള്‍ കാണാറുണ്ടെന്നും ഇതില്‍ പകുതിയിലധികം പേര്‍ക്കും അതില്‍ കുറ്റബോധം തോന്നാറില്ലെന്നും കണ്ടെത്തി. അതേസമയം കൗമാരക്കാർക്കിടയിലും മുതിർന്നവരിലും ഒരുപോലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുള്ള പോണോഗ്രഫി എല്‍ജിബിടിക്യുപ്ലസ് (LGBTQI+) ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്കിടയില്‍ ചില നേട്ടങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും പഠനം പറയുന്നു.
അനന്തര പ്രശ്‌നങ്ങള്‍ വരുത്തുന്ന 'പോണ്‍': 13 നും 17 നും ഇടയില്‍ പ്രായമുള്ള 1,350 കൗമാരക്കാരെ ഉള്‍പ്പെടുത്തി 2022 സെപ്‌റ്റംബറില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് പഠനസംഘത്തിന്‍റെ റിപ്പോര്‍ട്ട്. ലൈംഗിക ദൃശ്യങ്ങളിലേക്കുള്ള എത്തിച്ചേരല്‍ നിലവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും അതുകൊണ്ടുതന്നെ അതിന്‍റെ പ്രത്യാഘാതങ്ങളും അത്രകണ്ട് വലുതാണെന്നും പഠനം പറയുന്നു. മാത്രമല്ല യുവാക്കളില്‍ പോണോഗ്രഫിയുടെ സ്വാധീനം നിരവധി പ്രതികൂല ഫലങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വർധിച്ചുവരുന്ന ലൈംഗിക ആക്രമണം, ഉത്കണ്ഠ, വിഷാദം, നല്ല പെരുമാറ്റത്തിലെ അഭാവം, വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, അപകടകരമായ ലൈംഗിക പെരുമാറ്റങ്ങൾ എന്നിവ പോണോഗ്രഫിയിലേക്കുള്ള നിരന്തരമായ എത്തിപ്പെടലിലൂടെ യുവാക്കള്‍ക്കിടയില്‍ സാധാരണമായി കണ്ടുവരുന്ന പ്രശ്‌നങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു.
അറിവിനുള്ള ഉപായം: അതേസമയം ശാരീരിക ഘടനയോടുള്ള ബഹുമാനം, ലൈംഗികതയേയും ശരീരഘടനയേയും കുറിച്ചുള്ള അറിവ് തുടങ്ങി പോണോഗ്രഫിയുടെ നല്ല വശങ്ങളും പഠനം അംഗീകരിക്കുന്നുണ്ട്. ഇത് പ്രധാനമായും എല്‍ജിബിടിക്യുപ്ലസ് (LGBTQI+) വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണെന്നും പഠനം പറയുന്നു. എല്‍ജിബിടിക്യുപ്ലസ് (LGBTQI+) വിഭാഗത്തിലെ കൗമാരക്കാര്‍ പോണോഗ്രഫി ഉപയോഗിക്കുന്നത് വഴി അവരുടെ ലൈംഗികതയെക്കുറിച്ച് കൂടുതലറിയാനും അതുമുഖേന സ്വയം സ്വീകാര്യത നേടാനുമാകുമെന്ന് റിപ്പോര്‍ട്ട് പ്രസ്‌താവിക്കുന്നു.
കൗതുകങ്ങളുടെ കൗമാരം: റിപ്പോര്‍ട്ടിന് ആധാരമായ സര്‍വേയിലേക്ക് കടക്കുമ്പോള്‍ ഏതാണ്ട് 73 ശതമാനം കൗമാരക്കാര്‍ പോണോഗ്രഫി കണ്ടതായി പറയുന്നു. മാത്രമല്ല 63 ശതമാനം ആളുകള്‍ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പോണോഗ്രഫി കണ്ടതായും വെളിപ്പെടുത്തി. അതേസമയം സര്‍വേയുടെ ഭാഗമായ 44 ശതമാനം പേരും മനപ്പൂര്‍വം തന്നെയാണ് സെക്‌സ് വീഡിയോകളിലേക്ക് കടന്നുചെന്നതെന്നും ഇതില്‍ കുറച്ചുപേര്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ വഴിയാണ് പോണോഗ്രഫിയിലേക്ക് ചെന്നെത്തിയതെന്നും വ്യക്തമാക്കി.
മാര്‍ഗങ്ങള്‍ ഏറെ: മനപ്പൂര്‍വം പോണോഗ്രഫി കണ്ടതില്‍ 38 ശതമാനം കൗമാരക്കാരും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്‌റ്റഗ്രാം, ടിക് ടോക് മുതലായവയിലൂടെയാണ് അതിലേക്ക് എത്തിച്ചേര്‍ന്നതെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ വഴി 44 ശതമാനം കൗമാരക്കാരും യൂട്യൂബ് മാര്‍ഗം 34 ശതമാനം കൗമാരക്കാരും പോണോഗ്രഫിയിലേക്കെത്തി എന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല ലൈംഗിക ദൃശ്യങ്ങള്‍ കണ്ടതില്‍ 67 ശതമാനം കൗമാരക്കാരും ഇതില്‍ കുറ്റബോധമില്ലെന്ന് കുറ്റസമ്മതം നടത്തിയതായും പഠനം വെളിപ്പെടുത്തി.
പരിമിതികളൂടെ ഒരു പഠനം: കൗമാരക്കാരില്‍ പോണോഗ്രഫി ചെലുത്തുന്ന അനന്തരഫലങ്ങളെക്കുറിച്ച് വളരെ കുറച്ച് മാത്രമെ ഗവേഷണം നടത്തിയിട്ടുള്ളു എന്നും റിപ്പോര്‍ട്ട് തുറന്നുപറയുന്നു. സെക്‌സ് വീഡിയോകള്‍ കാണുന്നതിലെ നേട്ടങ്ങളോ അല്ലെങ്കില്‍ പോണോഗ്രഫിയുടെ പ്രത്യാഘാതങ്ങളോ കണ്ടെത്താന്‍ തങ്ങളുടെ ഗവേഷണങ്ങള്‍ മതിയാകില്ലെന്നും സംഘം സമ്മതിക്കുന്നു. എന്നാല്‍ കൗമാരക്കാര്‍ ആകസ്‌മികമായാണോ മനപ്പൂര്‍വമായാണോ പോണോഗ്രഫിയിലേക്കെത്തുന്നത് എന്നാണ് പഠനം ശ്രദ്ധ ചെലുത്തിയതെന്നും അവര്‍ വ്യക്തമാക്കി.
പോണോഗ്രഫിക്കെതിരെ എന്ത്: അതേസമയം ഭൂരിഭാഗം കൗമാരക്കാരുടെയും പോക്കറ്റിൽ സ്‌മാർട്ട്‌ഫോണുകളുള്ള ഒരു ലോകത്ത് പോണോഗ്രഫി എന്ന വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന് രക്ഷിതാക്കള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് പഠനം ആവശ്യപ്പെടുന്നു. കൂടാതെ കൗമാരക്കാരുടെ പോണോഗ്രഫിയിലേക്കുള്ള എത്തിച്ചേരല്‍ നിരീക്ഷിക്കാന്‍ മികച്ച മാര്‍ഗങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
റിപ്പോർട്ട് പ്രധാനമായും അമേരിക്കൻ കൗമാരക്കാരെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും ഇന്ത്യന്‍ സാഹചര്യത്തിലും റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമുണ്ട്. കാരണം 2021 ലെ പുതിയ ഐടി നിയമങ്ങള്‍ പ്രകാരം പോണോഗ്രഫി നിരോധിച്ചിട്ടും എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന തരത്തില്‍ ലൈംഗിക ദൃശ്യങ്ങള്‍ കാണൽ ഇന്ത്യയില്‍ വ്യാപകമാണ്. ഇതുകൊണ്ടുതന്നെയാണ് 2022 സെപ്‌റ്റംബറില്‍ ഇന്ത്യയിലെ നിരോധിത സൈറ്റുകളുടെ പട്ടികയിലേക്ക് 63 പോൺ സൈറ്റുകൾ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതും.