ന്യൂഡൽഹി : 15കാരിയെ ഭാര്യയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ആസിഡ് കുടിക്കാൻ നിർബന്ധിക്കുകയും ചെയ്‌തയാൾ അറസ്റ്റിൽ. പീഡനത്തിനിരയായ പെൺകുട്ടി ജോലി ചെയ്യുന്ന ചെരിപ്പ് ഫാക്‌ടറിയിലെ മാനേജർ ജയ് പ്രകാശ് (31) ആണ് പിടിയിലായത്. ഡൽഹിയിലെ നംഗ്ലോയ് പ്രദേശത്ത് ജൂലൈ 2നായിരുന്നു സംഭവം.
രോഗിയായ ഭാര്യയെ കാണാനെന്ന വ്യാജേന പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഭാര്യയുടെ ഒത്താശയോടെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. ജൂലൈ 5ന് ജോലിക്ക് പോകുന്നതിനിടെ പ്രതി പെൺകുട്ടിയെ തടഞ്ഞുനിർത്തുകയും ആസിഡ് വായിലേക്ക് ഒഴിക്കുകയും ചെയ്‌തു. വീട്ടിലെത്തിയ ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
ജൂൺ 15ന് പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കേസെടുത്ത പൊലീസ് ഡൽഹി വനിത കമ്മിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 376 (പീഡനം), 34 (സംഘം ചേര്‍ന്നുള്ള അതിക്രമം) പോക്‌സോ ആക്‌ട് എന്നിവ പ്രകാരം നംഗ്ലോയ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.
സംഭവത്തിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെയും അറസ്റ്റിന്‍റെയും വിശദാംശങ്ങൾ ഡൽഹി വനിത കമ്മിഷൻ പൊലീസിനോട് തേടിയിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ ജയ് പ്രകാശിന്‍റെ ഭാര്യ ഇപ്പോഴും ഒളിവിലാണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഡൽഹി ഔട്ടർ മേഖല ഡിസിപി സമീർ ശർമ പറഞ്ഞു.