ഗുണ്ടൂർ (ആന്ധ്രാപ്രദേശ്): അധ്യാപിക ശാസിച്ചതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്‌തു. അന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഗുണ്ടൂരിലെ സർക്കാർ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആകാശാണ് ആത്മഹത്യ ചെയ്‌തത്.
പഠനത്തിൽ പിന്നോക്കം പോയതിന് സ്‌കൂളിലെ അധ്യാപകർ ഒരാഴ്‌ച മുമ്പ് ആകാശിനെ ശാസിച്ചിരുന്നു. പരീക്ഷയിൽ മോശം മാർക്ക് ആയതിനാൽ പത്താം ക്ലാസ് സ്വകാര്യമായി പഠിച്ചെഴുതിയാൽ മതിയെന്നും അധ്യാപിക പറഞ്ഞതായി ആകാശിന്‍റെ അമ്മ പറഞ്ഞു. ഇതിന് പിന്നാലെ ആകാശും സുഹൃത്തുകളും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇവരുടെ അടുത്തെത്തിയ അധ്യാപിക 'നന്നായി പഠിക്കുന്നില്ലല്ലോ.. അതുകൊണ്ട് ഭക്ഷണം കഴിക്കണ്ട' എന്ന് ആക്രോശിച്ച് ആകാശിന്‍റെ കയ്യിൽ നിന്നും ഭക്ഷണം തട്ടികളഞ്ഞു.
ഇത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. ഇനി സ്‌കൂളിലേക്ക് പോകില്ലെന്ന് വാശിപിടിച്ച ആകാശിനെ അമ്മ നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ആകാശ് സ്‌കൂളിൽ പോയിരുന്നില്ല.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വിദ്യാർഥി തൂങ്ങി മരിക്കുകയായിരുന്നു. ഉടൻ ആകാശിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകാശിന്‍റെ അച്ഛൻ എട്ട് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്‌തതാണ്.
അതിന് ശേഷം അമ്മ അഞ്ചമ്മയാണ് ആകാശിനെയും അനിയനെയും വളർത്തിയത്. ആകാശിന്‍റെ അമ്മയുടെ പരാതിയിൽ ഗുണ്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.