റാഞ്ചി: പ്രിന്‍സിപ്പാളിന്‍റെയും അധ്യാപകന്‍റെയും ക്രൂര മര്‍ദനത്തില്‍ ആറാം ക്ലാസുകാരന്‍റെ നെഞ്ചിലെ അസ്ഥി പൊട്ടി. ജാര്‍ഖണ്ഡിലെ പലമു ജില്ലയിലാണ് സംഭവം. ശ്വാസതടസം നേരിട്ടിതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ചൊവ്വാഴ്‌ച(25.07.2023) മേദിനിരായ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം പുറം ലോകം അറിയുന്നത്.
ക്രൂരമര്‍ദനം അധ്യാപകന്‍റെ വാച്ച് മോഷ്‌ടിച്ചെന്ന പേരില്‍: തര്‍സി ബ്ലോക്കിലെ സെലരി ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിക്കായിരുന്നു പരിക്കേറ്റത്. അധ്യാപകനായ നിരഞ്ജന്‍ കുമാറിന്‍റെ വാച്ച് കാണാതായിരുന്നു. അധ്യാപകന്‍റെ മർദ്ദനമേറ്റ് പരിക്കേറ്റ വിദ്യാര്‍ഥിയാണ് വാച്ച് മോഷ്‌ടിച്ചതെന്ന ആരോപണമുണ്ടായി.
ഇക്കാരണത്തെ തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. സംഭവ സമയം സ്‌കൂളിലെ പ്രിന്‍സിപ്പാളും സ്ഥലത്തെത്തി. ശേഷം, ഇരുവരും ചേര്‍ന്ന് വിദ്യാര്‍ഥിയെ ആക്രമിച്ചു.
ക്രൂരമായ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ നെഞ്ചിന്‍റെ അസ്ഥി പൊട്ടി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പലമു ഡിസി സംഭവം അന്വേഷിച്ചു. സമഗ്രമായ അന്വേഷണത്തിന് ശേഷം അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസി അറിയിച്ചു.
പരിക്കേറ്റ വിദ്യാര്‍ഥിയെ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ കുട്ടിയെ മെഡിക്കല്‍ കോളജിലേയ്‌ക്ക് നിര്‍ദേശിക്കുകയായിരുന്നു. തര്‍സി പൊലീസ് സ്‌റ്റേഷന് ഇന്‍ചാര്‍ജ് സംഭവം സ്ഥിരീകരിച്ചു. രേഖാമൂലമുള്ള പരാതി തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ചാലുടന്‍ തന്നെ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകന്‍ അറസ്‌റ്റില്‍: അതേസമയം, പത്തനംതിട്ട ആറന്മുള ഇടയാറൻമുളയിൽ പഠിപ്പിച്ച കണക്ക് നോട്ട് ബുക്കിൽ എഴുതാത്തതിന് വിദ്യാർഥിനിയെ ചൂരൽ കൊണ്ട് തല്ലിയ അധ്യാപകൻ അറസ്‌റ്റിലായി. ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇടയാറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് ദൈവത്താൽ മെമ്മോറിയൽ ഗവൺമെന്‍റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിക്കാണ് അധ്യാപകന്‍റെ മർദനമേറ്റത്. തിങ്കളാഴ്‌ച (24.06.2023) ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ക്ലാസ് മുറിയിലായിരുന്നു സംഭവം.
മെഴുവേലി ആലക്കോട് കാഞ്ഞിരംകുന്നിൽ ബിനോജ് കുമാറാണ് ആറന്മുള പൊലീസിന്‍റെ പിടിയിലായത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പിന് പുറമെ ബാലനീതി നിയമത്തിലെ 82(I) വകുപ്പും ചേർത്താണ് കേസെടുത്തത്. ബുക്കിൽ എഴുതാത്തതിനാൽ കുട്ടിയെ തറയിലിരുത്തി, തുടർന്ന് എഴുതാൻ ഇയാള്‍ ആവശ്യപ്പെട്ടു.
അപ്പോഴും എഴുതാതിരുന്നപ്പോഴാണ്, മേശയുടെ ഡ്രോയറിൽ നിന്നും ചൂരലെടുത്ത് വിദ്യാര്‍ഥിയെ അടിച്ചത്. കുട്ടിയുടെ ഇരു കൈകളിലും, കൈത്തണ്ടയിലും, ഇടതുകൈപ്പത്തിക്ക് പുറത്തും അടിയേറ്റ് ചുവന്നിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പൊലീസ്, അധ്യാപകന് നോട്ടീസ് അയച്ചു സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന്, അടുത്ത ദിവസം രാവിലെ സ്‌റ്റേഷനിലെത്തിയ ബിനോജിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതം നടത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അറസ്‌റ്റിന് പിന്നാലെ സസ്‌പെന്‍ഷന്‍: വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ എഇഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.