അമരാവതി: വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി വിമത എം.പി രഘുരാമകൃഷ്‌ണ രാജു സിഐഡി കസ്റ്റഡിയിൽ മർദിക്കപ്പെട്ടുവെന്ന ആരോപണത്തിൽ രാഷ്‌ട്രപതി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു. രാഷ്‌ട്രപതിയെ കൂടാതെ ആന്ധ്രാ പ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി കെ അജയ് ബല്ല എന്നിവർക്കും ഇതു സംബന്ധിച്ച് എൻ ചന്ദ്രബാബു നായിഡു കത്തെഴുതി.
രഘുരാമകൃഷ്‌ണ രാജുവിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സംസ്ഥാന പൊലീസ്, ആന്ധ്രാ പ്രദേശ് സർക്കാർ എന്നീ അധികാര കേന്ദ്രങ്ങളിൽ നിന്നുമാണ് ഈ ഭീഷണിയെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു. മൗലിക അവകാശത്തോടൊപ്പം എം.പി എന്ന നിലയിലുള്ള അവകാശങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് കത്തിൽ ആരോപണമുണ്ട്. ടിഡിപി എംപിമാരായ കെ രാംമോഹൻ നായിഡുവും കെ രവീന്ദ്ര കുമാറും ലോക്‌സഭ സ്‌പീക്കർ ഓം ബിർളക്ക് കത്തെഴുതി. വിഷയത്തിൽ സ്‌പീക്കർ ഇടപെടണമെന്നും സ്വതന്ത്ര ഏജൻസിക്ക് അന്വേഷണത്തിന് ഉത്തരവിടണമെന്നും എംപിമാർ സ്പീക്കറോട് ആവശ്യപ്പെട്ടു.
മെഡിക്കൽ പരിശോധനകൾ കൂടാതെ എംപിയെ ഗുണ്ടൂർ ജിജിഎച്ച് ആശുപത്രിയിലേക്ക് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ടിഡിപി ആന്ധ്രാ പ്രദേശ് പ്രസിഡന്‍റ് കെ അറ്റ്ച്ചെന്നൈഡു ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി എംപിക്ക് സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യമുണ്ട്.