ആഗ്ര: താജ്‌മഹലിന് വാട്ടര്‍ ബില്ലും മലിനജല മാനേജ്‌മെന്‍റ് ബില്ലും അടക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പുതിയ നോട്ടിസ് അയച്ച് എഎംസി (ആഗ്ര മുനിസിപ്പല്‍ കോർപ്പറേഷൻ). കെട്ടിട നികുതി അടക്കണമെന്നാവശ്യാപ്പെട്ട് എഎംസി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചതിന് പിന്നാലെയാണ് വാട്ടര്‍ ബില്ലും മലിനജല മാനേജ്‌മെന്‍റ് ബില്ലും ആവശ്യപ്പെട്ടുള്ള പുതിയ നോട്ടിസ്. നികുതിയിനത്തില്‍ 1.96 കോടി രൂപ അടക്കണമെന്നാണ് എഎംസി നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താജ്‌മഹൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളെയും വീട്ടുനികുതിയിൽ നിന്നും ജലനികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഎസ്‌ഐയെ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ഞെട്ടിച്ച് കൊണ്ടുള്ള പുതിയ നോട്ടിസ്. സംഭവം എഎസ്‌ഐയെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.
also read: താജ്‌മഹലിനും നികുതി അടക്കണം; എഎസ്‌ഐക്ക് നോട്ടിസ് നല്‍കി എഎംസി
അതേസമയം താജ്‌മഹല്‍ അടക്കമുള്ള സ്‌മാരകങ്ങളെ സംരക്ഷിക്കുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ചുമതലയെന്ന് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്‌കുമാർ പട്ടേൽ പറഞ്ഞു. നിയമപ്രകാരം താജ്‌മഹല്‍ ഉള്‍പ്പെടെയുള്ള സ്‌മാരകങ്ങളെ ഇത്തരം നികുതികളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതല്ലെ എന്ന ചോദ്യത്തിന് വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി വിവരം നല്‍കാമെന്നും ജല വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ പറഞ്ഞു.
താജ്‌മഹലിന് ആദ്യം നല്‍കിയ നോട്ടിസ്: കഴിഞ്ഞ മാസം 25നാണ് താജ്‌മഹലിന് കെട്ടിട നികുതി അടക്കണമെന്നാവശ്യപ്പെട്ട് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) ആദ്യം നോട്ടിസ് നല്‍കിയത്. 1.47 ലക്ഷം രൂപയാണ് കെട്ടിട നികുതിയെന്ന് നോട്ടിസില്‍ എഎംസി വ്യക്തമാക്കിയിരിന്നു. 15 ദിവസത്തിനകം തുക അടക്കണമെന്നും താജ്‌മഹലിന് പുറമെ യമുന നദിക്ക് കുറുകെയുള്ള എത്‌മാദ്-ഉദ്-ദൗള സ്‌മാരകത്തിനും നികുതി അടക്കണമെന്ന് നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു. സായി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നികുതി അടക്കാനാവശ്യപ്പെട്ട് എഎംസി ആദ്യം നോട്ടിസ് നല്‍കിയത്.
വാട്ടര്‍ ബില്ലും മലിനജല മാനേജ്‌മെന്‍റ് ബില്ലും: വസ്‌തു വാട്ടര്‍ ബില്ലും മലിനജല മാനേജ്‌മെന്‍റ് ബില്ലുമടക്കം ഒരു കോടിയിലധികം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ വിവിധ യൂണിറ്റുകള്‍ താജ്‌മഹലിനും ആഗ്ര കോട്ടക്കും നോട്ടിസ് അയച്ചു. 13 ബില്ലുകളില്‍ കാണിച്ച ഒരു കോടിയിലധികം വരുന്ന തുക അടക്കണമെന്നാണ് എഎംസി(ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍) നോട്ടിസില്‍ ആവശ്യപ്പെട്ടത്. അതേസമയം സ്‌മാരകങ്ങളുടെ ചുമതല മാത്രമാണുള്ളതെന്നും തങ്ങളെന്തിന് നികുതി അടക്കണമെന്നുമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ചോദ്യം.
also read: താജ്‌മഹലിന് നികുതി ഇനത്തിൽ ഒരു കോടി രൂപയിലധികം തുക അടയ്‌ക്കാൻ നോട്ടിസ്