ഗാന്ധിനഗർ: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ടൗട്ടെയെത്തുടർന്ന് ഗുജറാത്തിൽ കനത്ത മഴയും കാറ്റും. 185 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ 1.50 ലക്ഷം പേരെ തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
അതേസമയം കേന്ദ്രസർക്കാരും ഗുജറാത്തുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. നേരത്തെ 24 എൻഡിആർഎഫ് ടീമുകൾ സംസ്ഥാനത്ത് സജീവമാക്കിയിരുന്നു, ഇപ്പോഴത് 44 ടീമുകളായി ഉയര്‍ത്തി. ചുഴലിക്കാറ്റ് ദിയുവിനെ ബാധിക്കുമെന്നും അതിന്‍റെ ആഘാതം മഹുവയ്ക്ക് ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നും വിജയ് രൂപാണി പറഞ്ഞു. കര, വ്യോമ. നാവിക സേനകളോട് സ്റ്റാൻഡ് ബൈയിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും കടലിൽ മത്സ്യബന്ധനത്തിൽ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടുതൽ വായനക്ക്:ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം