നർസിങ്പൂർ (മധ്യപ്രദേശ്) : മഹാത്മാഗാന്ധിയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് മറ്റൊരു മതനേതാവിനെതിരെ കൂടി കേസ്. തരുൺ മൊറാരി ബാപ്പുവിനെതിരെയാണ് മധ്യപ്രദേശ് പൊലീസിന്‍റെ നടപടി.ചിന്ദ്വാര റോഡിലെ വീരാ ലോണിൽ തിങ്കളാഴ്ച ശ്രീമദ് ഭാഗവതിന്‍റെ കഥ പറയുന്നതിനിടെയായിരുന്നു മഹാത്മാഗാന്ധിക്കെതിരെ അപകീർത്തിപരമായ പരാമശം നടത്തിയത്.
'ആരാണ് രാജ്യത്തെ വിഭജിച്ചത്, അയാൾ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നത്? ഞാൻ അയാളെ എതിർക്കുന്നു, ഗാന്ധി ഒരു രാജ്യദ്രോഹി ആണ്' എന്നായിരുന്നു തരുൺ മൊറാരിയുടെ വിവാദ പ്രസ്താവന. മതനേതാവിന്‍റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന കോൺഗ്രസ് ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകിയിരുന്നു.
ALSO READ:ഗാന്ധിയെ അധിക്ഷേപിക്കല്‍ : വിവാദ സ്വാമി കാളിചരണ്‍ മഹാരാജ് റിമാന്‍ഡില്‍
അതേസമയം വിവാദ പരാമർശം ഉന്നയിക്കുന്ന മൊറാരിയുടെ ദൃശ്യം കണ്ടതായും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായും നർസിങ്പൂർ പൊലീസ് സൂപ്രണ്ട് വിപുൽ ശ്രീവാസ്തവ അറിയിച്ചു. സെക്ഷൻ 505 (2), 153 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിആർപിസി (CrPC) സെക്ഷൻ 41എ പ്രകാരം പരമാവധി ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് തരുൺ മൊറാരി ബാപ്പുവിന് നോട്ടിസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ റായ്‌പൂരിൽ നടന്ന 'ധർമ സൻസദ്' പരിപാടിയുടെ സമാപന വേളയിൽ രാഷ്ട്രപിതാവിനെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ ഉന്നയിച്ചതിന് ഹിന്ദുമത നേതാവ് കാളിചരൺ മഹാരാജിനെ അറസ്റ്റ് ചെയ്തിരുന്നു. 1947ലെ രാജ്യ വിഭജനത്തിന് പിന്നിൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന്‍റെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് കൃത്യം നിർവഹിച്ചതിന് അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഇയാളുടെ പരാമർശം.
ഇതിന് പിന്നാലെ നിരവധി പ്രമുഖർ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് റായ്‌പൂര്‍ പൊലീസ് ഡിസംബർ 30ന് വിവാദ സ്വാമിയെ അറസ്റ്റ് ചെയ്തത്.