ദിസ്‌പൂർ: മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ മൃതദേഹം വ്യാഴാഴ്ച ഗുവാഹത്തിയിൽ സംസ്‌കരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് മേധാവി റിപ്പൺ ബോറ പറഞ്ഞു. ഗുവാഹത്തി മെഡിക്കൽ കോളജിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെ മൃതദേഹം ആശുപത്രിയിൽ നിന്ന് ദിസ്പൂരിലെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോകുമെന്ന് ബോറ പറഞ്ഞു. മൂന്ന് ദിവസത്തെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച സംസ്‌കരിക്കും.
മുഖ്യമന്ത്രിയായി 15 വർഷം ഇരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ജനത ഭവനത്തിലേക്കും ഉച്ചകഴിഞ്ഞ് 3.30 ഓടെ സംസ്ഥാന കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലേക്കും കൊണ്ടുപോകും. നവംബർ 26 ന് ഗൊഗോയിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുളള യാത്ര കലാക്ഷേത്രയിൽ നിന്ന് ആരംഭിക്കും. സംസ്കാരം ജന്മനാടായ ടൈറ്റബോറിനുപകരം ഗുവാഹത്തിയിൽ നടക്കും.
അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹമനുസരിച്ച് ശരീരം അന്ത്യകർമങ്ങൾക്ക് മുമ്പ് ഒരു ക്ഷേത്രത്തിലേക്കും മുസ്‌ലിം പള്ളിയിലേക്കും ക്രിസ്‌ത്യൻ പള്ളിയിലേക്കും കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കേന്ദ്ര നേതാക്കൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അസമിലെത്തി ഗൊഗോയിക്ക് അന്ത്യാഞ്ജലി അർപ്പിക്കും. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ ഗോഗോയ് തന്‍റെ 84 ആം വയസിലാണ് മരിച്ചത്. 2001 മുതൽ 2016 വരെ അദ്ദേഹം അസം മുഖ്യമന്ത്രിയും ആറ് തവണ പാർലമെന്‍റേറിയനും കേന്ദ്രമന്ത്രിയുമായിരുന്നു.