മധുര: കൊലക്കേസ് പ്രതി പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കാലിന് നേരെ വെടിയുതിർത്ത് പൊലീസ് പ്രതിയെ കീഴടക്കി. തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ ക്രൈം രംഗം പുനരാവിഷ്‌കരിക്കാൻ സംഭവസ്ഥലത്തേക്ക് കൊണ്ടുപോയ വണ്ടിയൂർ സ്വദേശി വിനോദ് ആണ് രക്ഷപെടാൻ ശ്രമം നടത്തിയത്. നടപടികൾ പുരോഗമിക്കുന്നതിനിടെ സംഭവസ്ഥലത്ത് ഒളിപ്പിച്ച വെട്ടുകത്തി ഉപയോഗിച്ച് പൊലീസ് കോൺസ്‌റ്റബിളിനെ വിനോദ് വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കാലിന് നേരെ വെടിയുതിർത്ത് പ്രതിയെ കീഴടക്കിയ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പ്രതിയുടെ നില തൃപ്‌തികരമാണെന്ന് പൊലീസ് അറിയിച്ചു. പൊലിസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതകശ്രമത്തിനുള്ള കുറ്റം ചുമത്തി വിനോദിനെതിരെ പുതിയ കേസ് ഫയൽ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മധുരയ്ക്ക് സമീപമുള്ള ഉലഗനേരിയിൽ നിന്നുള്ള ബാലമുരുകൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ വിനോദ്, മാരി, വിജയ രാഘവൻ, സൂര്യ, ജഗതീശ്വരൻ എന്നിവരെ ഫെബ്രുവരി 22-നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിനോദ് മുമ്പും വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇത്തരത്തിൽ പൊലീസിനെതിരായ നിരവധി ആക്രമണങ്ങളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫെബ്രുവരി 20ന് പതിവ് വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന അയനാവരം സബ് ഇൻസ്പെക്‌ടർ ശങ്കറിനെ മൂന്നംഗ ക്രിമിനൽ സംഘം ആക്രമിച്ചിരുന്നു. അക്രമികൾ ഇരുമ്പ് വടിയുമായി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഭരണകക്ഷിയായ ഡിഎംകെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷം കുറ്റപ്പെടുത്തി.
നിലവിലെ സാഹചര്യം പരിഗണിച്ച് കുറ്റവാളികളെ പിടികൂടുമ്പോൾ എല്ലാ പൊലീസുകാരും തോക്ക് കൈവശം വയ്ക്കണമെന്ന് ഡിജിപി ശൈലേന്ദ്രബാബു അടുത്തിടെ ഉത്തരവിട്ടിരുന്നു. രാത്രികാലങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും പട്രോളിങ് നടത്തുമ്പോൾ സർക്കാർ നൽകുന്ന റിവോൾവർ കൈവശം വയ്ക്കാൻ അദ്ദേഹം പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് ഇരയാകുമ്പോൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ മടിക്കരുതെന്ന് പറഞ്ഞ ഡിജിപി ആയുധം കൈവശം വയ്ക്കുന്നതിനുള്ള നിലവിലുള്ള നിയമവും തിരുത്തി. ഇതുവരെ സബ് ഇൻസ്‌പെക്‌ടർ റാങ്കിലും അതിനുമുകളിലും ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ സർക്കാർ അനുവദിച്ച ആയുധങ്ങൾ കൈവശം വയ്‌ക്കാനാവൂ. പുതുക്കിയ സംവിധാനത്തിൽ, സ്പെഷ്യൽ സബ് ഇൻസ്പെക്‌ടർമാർക്ക് (എസ്എസ്ഐ) റിവോൾവറുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.