ചെന്നൈ : സംസ്ഥാനത്തെ പരമ്പരാഗത ആയോധന കലാരൂപമായ 'ചിലമ്പം' കായിക സംവരണത്തിന്‍റെ ഭാഗമാക്കാന്‍ തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പബ്ലിക് സർവീസ് കമ്മിഷന്‍ മുഖേനയുള്ള നിയമനങ്ങള്‍ക്കും ഈ വിഭാഗത്തില്‍ 3 ശതമാനം സംവരണം ഏര്‍പ്പെടുത്തും. യുവജനക്ഷേമ,കായിക വികസന മന്ത്രി ശിവ വി. മെയ്യനാഥനാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ് ജനത വികസിപ്പിച്ചെടുത്ത ആയോധന കലാരൂപമാണ് ചിലമ്പം. 'ഖേലോ ഇന്ത്യ' പരിപാടിയിലൂടെ 'പ്രമോഷൻ ഓഫ് ഇൻക്ലൂസീവ്നെസ്' പ്രകാരം കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയം ചിലമ്പത്തെ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.
ALSO READ:പഞ്ചാബിൽ ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും
ഇതനുസരിച്ച് 1.6 കോടി രൂപ ചിലവിൽ തമിഴ്‌നാട് സർക്കാർ ചിലമ്പം പരിശീലന കേന്ദ്രം സ്ഥാപിക്കും. ഈ ഇനത്തെ ആദിവാസി കായിക പട്ടികയിൽ ഉൾപ്പെടുത്താനും അതിന്‍റെ വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കാനും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിലമ്പം മത്സരങ്ങളിൽ സംസ്ഥാനത്തെ നിരവധി പെൺകുട്ടികൾ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ സംവരണം ഏർപ്പെടുത്തിയുള്ള സർക്കാർ സംരംഭം ഈ രംഗത്ത് സജീവമായ പെൺകുട്ടികൾക്ക് വലിയ പ്രോത്സാഹനമാകും.