ചെന്നൈ: കമ്പം ടൗണിലെത്തി അതിക്രമങ്ങള്‍ അഴിച്ചുവിട്ട അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവുമായി തമിഴ്‌നാട് വനം വകുപ്പ്. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് പുനരധിവസിപ്പിച്ച അരിക്കൊമ്പന്‍ ശനിയാഴ്‌ച പകലോടെയാണ് തമിഴ്‌നാട്ടിലെ കമ്പം ടൗണിലെത്തി ക്രമസമാധാന നില തകര്‍ക്കും വിധം അതിക്രമങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് തമിഴ്‌നാട് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്‌റ്റ് ആന്‍റ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കിയെന്ന് കാണിച്ച് ശ്രീവല്ലിപുത്തൂര്‍ മേഘമലൈ കടുവ സങ്കേതത്തിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പരാതിപ്പെട്ടതോടെയാണ് നടപടി. ദൗത്യം ഞായറാഴ്‌ച രാവിലെ ആരംഭിക്കും.
മയക്കുവെടിയിലേക്ക് നീങ്ങുന്നത് ഇങ്ങനെ: വനം വകുപ്പ് വെറ്ററിനറി സംഘത്തിന്‍റെ സഹായത്തോടെ അരിക്കൊമ്പനെ മയക്കുവെടി വച്ച് ആനമലൈ കടുവ സങ്കേതം, ശ്രീവല്ലിപുത്തൂര്‍ മേഘമലൈ കടുവ സങ്കേതം ഉള്‍പ്പെടുന്ന മേഘമലൈ ഡിവിഷനിലെ മുദുമലൈ കടുവ സങ്കേതം എന്നിവിടങ്ങളിലെ കുങ്കിയാനകളുടെ സഹായത്തോടെ പുനരധിവസിപ്പിക്കാനാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതുപരിഗണിച്ച പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്‌റ്റ് ആന്‍റ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ , അരിക്കൊമ്പന്‍ ദൗത്യത്തിനായി ശ്രീവല്ലിപുത്തൂര്‍ മേഘമലൈ കടുവ സങ്കേതം ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതുപ്രകാരം വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പരിഗണിച്ച് കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ പിടികൂടാനാണ് ഉത്തരവിലുള്ളത്.
ദൗത്യം വിശദമായി: ദൗത്യത്തിനായി ആനമലൈ കടുവ സങ്കേതത്തിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പരിശീലനം ലഭിച്ച മൂന്ന് കുങ്കിയാനകളും, വെറ്റിനേറിയന്മാരും, ദൗത്യസേനയുമായി കമ്പം ടൗണിലേക്ക് നീങ്ങണം. ആനകളുടെ സഞ്ചാരം വന്യജീവി സംരക്ഷണ നിയമത്തിലെ 40 (2) പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാവണമെന്നും യാത്രയ്‌ക്ക് മുമ്പേ ആനയുടെ ആരോഗ്യക്ഷമത വെറ്റിനേറിയന്മാര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ഈ ആനകളുടെ പരിപാലനവും അനുബന്ധ ഒരുക്കങ്ങളും ശ്രീവല്ലിപുത്തൂര്‍ മേഘമലൈ കടുവ സങ്കേതം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉറപ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഈ സമയം ഹൊസുര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, വെറ്റിനേറിയന്‍ ഡോക്‌ടര്‍ പ്രകാശിനും സംഘത്തിനുമൊപ്പം കമ്പം ടൗണിലേക്ക് ഒരു വാഹനം അനുവദിക്കണമെന്നും ഉത്തരവില്‍ അറിയിക്കുന്നുണ്ട്.
തുടര്‍ന്ന് മധുരയിലെ ശ്രീവല്ലിപുത്തൂര്‍ മേഘമലൈ കടുവ സങ്കേതം ചീഫ് കണ്‍സര്‍വേറ്റര്‍ വെറ്റിനേറിയന്‍ ഡോക്‌ടര്‍ കലൈവാനന്‍ കമ്പം നഗരത്തിലെത്തി അരിക്കാമ്പനെ മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ മേഘമലൈ ഡിവിഷനിലുള്ള വരശനാട് താഴ്‌വരയിലെ വെള്ളമലൈ ഉള്‍ക്കാട്ടിലേക്ക് മാറ്റാനാണ് ഉത്തരവ്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഫോട്ടോഗ്രാഫ്, വീഡിയോ റെക്കോര്‍ഡിങ് എന്നിവ കൈമാറാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
അരിക്കൊമ്പനും ആശ്വാസം: തമിഴ്‌നാട്ടിൽ ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ അരിക്കൊമ്പന്‍റെ വിഷയത്തിലും തമിഴ്‌നാട് വനംവകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നിലവിലെ ഉത്തരവ് പ്രകാരം വ്യക്തമാകുന്നത്. അതേസമയം ഏപ്രിൽ 29നാണ് കേരള വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്.