ചെന്നൈ: തമിഴ്‌നാട്ടില്‍ വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂൺ ഏഴ് രാവിലെ ആറുവരെ നീട്ടി സർക്കാർ. നേരത്തേ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മെയ് 31 വരെ നിലനില്‍ക്കും. ഈ കാലയളവിൽ, നിലവിൽ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ അതത് പ്രദേശങ്ങളില്‍ വണ്ടികളിലൂടെയോ മറ്റോ അവശ്യസാധനങ്ങളുടെ വില്‍പന അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: കോയമ്പത്തൂരിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
പലചരക്ക് സാധനങ്ങൾ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ അനുവദിക്കും. ഓൺലൈനിലോ ഫോണിലോ ഓർഡറുകൾ സ്വീകരിക്കുന്നതിനും ഉപഭോക്താവിന്‍റെ വസതിയിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ സാധനങ്ങൾ എത്തിക്കുന്നതിനും പ്രൊവിഷൻ സ്റ്റോറുകൾക്ക് അനുവാദമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പച്ചക്കറികളും പഴങ്ങളും മൊബൈൽ വാനുകളിൽ വിൽക്കുന്നത് തുടരും.
ALSO READ: കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്
ചായക്കടകള്‍ക്ക് പ്രവർത്തനാനുമതിയില്ല. റേഷൻ കാർഡ് ഉടമകൾക്ക് ജൂൺ മാസത്തേക്ക് റേഷൻ കടകൾ വഴി 13 അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ സഹകരണ, ഉപഭോക്തൃ സംരക്ഷണ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മെഡിക്കൽ സേവനങ്ങൾ, ഫാർമസികൾ, വാക്സിനേഷൻ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുതിയ ലോക്ക്ഡൗണിലും നിയന്ത്രണമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.