തിരുവണ്ണാമലൈ: തമിഴ്‌നാട്ടിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം. ഇന്ന് പുലർച്ച കൃഷ്‌ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലൈ ജില്ലയിലെ അന്തന്നൂർ വച്ച് ദാരുണമായ സംഭവം (Seven men killed in accident near Chengam in Tiruvannamalai Tamil Nadu). അപകടത്തിൽ ഏഴ് അസം സ്വദേശികളാണ് മരണപ്പെട്ടത്. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ ധർമപുരിയിൽ നിന്ന് തിരുവണ്ണാമലയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷന്‍റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ യാത്രക്കാരായ നാല് പേരെയും ബസ് യാത്രക്കാരായ 10 പേരെയും ചെങ്കം സർക്കാർ ആശുപത്രിയിലും തിരുവണ്ണാമലൈ സർക്കാർ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. കാർ യാത്രക്കാരനായ ഒരാൾ ചെങ്ങം സർക്കാർ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. മറ്റൊരാൾക്ക് തിരുവണ്ണാമലൈ ആശുപത്രിയിൽ വച്ചും ജീവൻ നഷ്‌ടമായി.
കാർ യാത്രികരെല്ലാം ബെംഗളൂരിൽ ജോലി ചെയ്യുന്ന അസം സ്വദേശികളാണ്. അണ്ണാമലയാർ ദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങവെയാണ് ഇവർ സഞ്ചരിച്ച ടാറ്റ സുമോ അപകടത്തിൽപെട്ടത്. സംഭവത്തിൽ ചെങ്കം പൊലീസ് അന്വേഷണം ആരംഭിച്ചു.