ചെന്നൈ: മന്ത്രിക്കും പരിവാരങ്ങള്‍ക്കും കടന്ന് പോകാന്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ് തമിഴ്‌നാട് പൊലീസ്. തിങ്കളാഴ്‌ചയാണ്(08.08.2022) സംഭവം. കുംഭകോണത്തെ ആനൈക്കരൈ പാലം കടക്കാനാണ് പൊലീസ് ആംബുലന്‍സിന് അനുമതി നിഷേധിച്ചത്.
വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴിയാണ് പ്രദേശത്തുകൂടെ കടന്നു പോയത്. വീഡിയോ വൈറല്‍ ആയതോടെ കടുത്ത വിമര്‍ശനമാണ് പൊലീസിനും സര്‍ക്കാറിനും എതിരെ ഉയരുന്നത്. ഇതൊടെ സംഭവത്തില്‍ വിശദീകരണവുമായി കുംഭകോണം പൊലീസ് രംഗത്ത് എത്തി.
ആനൈക്കരൈ പാലത്തിലൂടെ ഒരു സമയത്ത് ഒരു വശത്തേക്ക് മാത്രമാണ് വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയുകയുള്ളു. ഏത് സമയത്തും പ്രാധാന്യം ആംബുലന്‍സിന് ആണെന്ന് തങ്ങള്‍ക്ക് അറിയാം. ആംബുലന്‍സ് എത്തിയ അതേസമയത്ത് മന്ത്രിയുടെ വാഹനവ്യൂഹം പാലത്തില്‍ കയറിയിരുന്നു. ഇതോടെയാണ് ആംബുലന്‍സ് തടഞ്ഞത്.
മിനുട്ടുകള്‍ മാത്രമാണ് ആംബുലന്‍സിനെ തടയേണ്ടി വന്നതെന്നും തഞ്ചാവൂര്‍ എസ്.പി ജി രാവലിപ്രിയ അറിയിച്ചു. മന്ത്രിയുള്‍പ്പെട്ട വി.ഐ.പി വാഹനം പെട്ടെന്ന് തന്നെ പാലത്തിലൂടെ കടന്ന് പോയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവം രാഷ്‌ട്രീയ വിഷയമാക്കി ഉയര്‍ത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എഐഎഡിഎംകെ.