ചെന്നൈ : വാഹനപരിശോധനയ്‌ക്കിടെ ആക്രമിച്ച രണ്ടുപേരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയെന്ന് തമിഴ്‌നാട് പൊലീസ്. താംബരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് (ഓഗസ്റ്റ് 01) പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് കൊല്ലപ്പെട്ടതെന്നും തമിഴ്‌നാട് പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിനോദ് എന്ന ഛോട്ട വിനോദ് (35), രമേഷ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. 10 കൊലക്കേസ് ഉള്‍പ്പടെ അന്‍പതോളം കേസുകളില്‍ പ്രതിയാണ് വിനോദ്. അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് രമേഷ്.
ഗുഡുവഞ്ചേരി (Guduvancheri) പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മുരുകേശന്‍, എസ്‌ഐ ശിവഗൃനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുങ്കൽ റോഡിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കായി നിന്നിരുന്നത്. ഇതിനിടെ അമിത വേഗതയിലെത്തിയ ഒരു കാര്‍ തടഞ്ഞുനിര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചാണ് നിര്‍ത്തിയത്.
ഇതിന് പിന്നാലെ ആയുധങ്ങളുമായി പുറത്തിറങ്ങിയ ക്രിമിനല്‍ സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കൊടുവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്‌ടറുടെ കൈയ്‌ക്ക് പരിക്കേറ്റു. ഇയാളുടെ കഴുത്തിന് നേരെയും പ്രതികള്‍ വെട്ടാനോങ്ങിയിരുന്നു.
എന്നാല്‍, ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥന്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അക്രമകാരികളില്‍ ഒരാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്‌ടറാണ് മറ്റൊരാളെ വെടിവച്ചത്. ഇതിനുപിന്നാലെ മറ്റ് രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
ക്രിമിനല്‍ സംഘത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗൃനാഥനെ ക്രോംപെട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് ഏറ്റുമുട്ടലില്‍ അതിഖ് അഹമ്മദിന്‍റെ മകൻ കൊല്ലപ്പെട്ടു : രാജ്യത്ത് ഏറെ ചര്‍ച്ചയായ ഉമേഷ് പാല്‍ വധക്കേസിലെ പ്രധാന പ്രതിയും കൊല്ലപ്പെട്ട ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്‍റെ മകന്‍ അസദ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഡിവൈഎസ്‌പി നവേന്ദുവിന്‍റെയും ഡിവൈഎസ്‌പി വിമലിന്‍റെയും നേതൃത്വത്തിലുള്ള സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഝാൻസിയിൽ വച്ചാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാളുടെ കൂട്ടാളികളില്‍ ഒരാളായ ഗുലാം എന്ന വ്യക്തിയും കൊല്ലപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി 24-നായിരുന്നു ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഘത്തിലെ തലവനായിരുന്നു അസദ്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.
Read More : ഉമേഷ് പാല്‍ വധക്കേസ് : പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് അതിഖ് അഹമ്മദിന്‍റെ മകൻ അസദ്
അസദിനായി തെരച്ചില്‍ നടത്തിയ പൊലീസ് ഇയാളുടെ തലയ്‌ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അസദ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് ശേഷം ഇവരിൽ നിന്ന് അത്യാധുനിക വിദേശ നിർമിത ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.