ചെന്നൈ: അടുത്ത 6 മാസത്തിനുള്ളില്‍ മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും, സര്‍ക്കാര്‍ നയങ്ങളെ കുറിച്ചും വ്യാജ വാര്‍ത്തകളാണ് നവമാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് അവസാനം കുറിക്കുമെന്നാണ് താൻ പറഞ്ഞതെന്നാണ് അണ്ണാമലൈ നല്‍കിയ വിശദീകരണം. അണ്ണാമലൈയുടെ പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചത്.
"മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും" - അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന്‍ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. തമിഴ്‌നാട്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ ആയിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ പരാമര്‍ശം. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ ജൂലൈ 16നാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്.
Also Read: ഐപിഎസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്: തമിഴ്‌നാട് ബിജെപി അധ്യക്ഷനായി കെ. അണ്ണാമലൈ