കൊളംബോ: തമിഴ് ദേശീയ സഖ്യം (ടി.എൻ.എ) നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ശ്രീലങ്കൻ രാഷ്‌ട്രപതി ഗോതബയ രാജപക്‌സെ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വെള്ളിയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയില്‍ രാജ്യം പുനഃനിർമിക്കുന്നതിന് സഹകരണം വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
രാജ്യത്തെ പുനഃനിർമിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം, തന്നെ സന്ദർശിച്ച തമിഴ് ദേശീയ സഖ്യം (ടി.എൻ.എ) നേതാക്കളോട് പറഞ്ഞു. രാഷ്‌ട്രത്തിന്‍റെ മുഴുവൻ നേതാവെന്ന നിലയിൽ എല്ലാ സമുദായങ്ങളുടെ കാര്യത്തിലും തുല്യ ശ്രദ്ധ നല്‍കുമെന്ന് രാഷ്ട്രപതി ടി.എൻ.എ നേതാക്കൾക്ക് ഉറപ്പുനൽകി. രാഷ്ട്രപതിയുടെ മാധ്യമ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ l യുവതിയുടെ വയറിനകത്ത് പഞ്ഞി, പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം
ദീർഘകാലമായി തടങ്കലിൽ കഴിയുന്ന പ്രതികളെ മോചിപ്പിക്കുക, കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാത്ത പ്രതികളുടെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക, തീവ്രവാദം തടയൽ നിയമം തുടങ്ങിയവ എന്നിവയെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്‌തു.
രണ്ടുമണിക്കൂറിലേറെ ചര്‍ച്ച നീണ്ടുനിന്നു. രാജ്യത്തിന്‍റെ വടക്കും കിഴക്കും ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളുടെയും ലക്ഷ്യങ്ങള്‍ നേടുന്നതിലൂടെ രാജ്യം വികസനത്തിലേക്ക് കുതിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.