ലക്‌നൗ: നിലാവെളിച്ചത്തില്‍ തിളങ്ങുന്ന താജ് മഹല്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് വീണ്ടും അവസരം. കഴിഞ്ഞ വര്‍ഷം ലോക്ക്‌ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച രാത്രി പ്രവേശനം പുനരാരംഭിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്‌ച മുതലാണ് സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങിയത്.
നിലാവെളിച്ചത്തില്‍ താജ് മഹല്‍ കാണാന്‍ മനോഹരമായിരുന്നു. നിലാവെളിച്ചം താജ് മഹലിന്‍റെ മനോഹാരിത വര്‍ധിപ്പിക്കുന്നുവെന്നും രാത്രിയിൽ താജ് മഹൽ കാണുന്നത് നല്ല അനുഭവമായിരുന്നുവെന്നും സന്ദര്‍ശകര്‍ പ്രതികരിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വസന്ത് കുമാർ സ്വർങ്കര്‍ പറഞ്ഞു. ശരീര താപനില പരിശോധിച്ച് കൈകൾ വൃത്തിയാക്കിയ ശേഷം മാത്രമേ സന്ദര്‍ശകരെ സ്‌മാരകത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. ആളുകൾ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴ്‌ചയിൽ മൂന്ന് ദിവസമാണ് താജ് മഹലില്‍ രാത്രി സന്ദര്‍ശത്തിന് അനുമതിയുള്ളത്. രാത്രി 8:30 മുതൽ 10 വരെയാണ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. 50 ആളുകള്‍ വീതം മൂന്ന് ബാച്ചുകളിലായി 150 സന്ദർശകരെ മാത്രമേ അനുവദിക്കൂ. സര്‍ക്കാരിന്‍റെ ടൂറിസം പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി 2019 നവംബറിലാണ് താജ് മഹലില്‍ രാത്രി പ്രവേശനം ആരംഭിച്ചത്.
Read more: താജ് മഹല്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും