ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വിസ് വനിത കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി ഗുര്‍പ്രീത് സിങ്ങിനെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കുവാനൊരുങ്ങി പൊലീസ്. അറസ്റ്റിലായ പ്രതി അടിക്കടി മൊഴി മാറ്റുന്നതിനെ തുടര്‍ന്നാണ് നടപടി. പ്രതിയുടെ മാനസിക ക്ഷമത പരിശോധിക്കുന്നതിനായി വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം (Swiss Woman Murder Case).
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 20) സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ലെന ബെര്‍ജറിയെ (30) ഡല്‍ഹി തിലക് നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവതിയുടെ സുഹൃത്തായ ഗുര്‍പ്രീത് സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലെനയുടെ പാസ്‌പോർട്ട്, വിസ തുടങ്ങിയ രേഖകൾ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു (Psycho Analysis Test).
2021ല്‍ പ്രതിയായ ഗുര്‍പ്രീത് സിങ് സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ പ്രതി യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസിന് ഇയാള്‍ മൊഴി നല്‍കി. ഇതിനായി യുവതിയെ ഇന്ത്യയിലേക്ക് വിളിച്ച് വരുത്തുകയും ഡല്‍ഹിയില്‍ താമസിപ്പിക്കുകയുമായിരുന്നുവെന്ന് പ്രതി പറഞ്ഞു.
കഴുത്ത് ഞെരിച്ചാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു. കൊലപാതകത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീടത് പിന്‍വലിച്ചു. അതേസമയം കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നിലവില്‍ പ്രതിയായ ഗുര്‍പ്രീത് സിങ്ങിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്‌ത് വരികയാണ്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കുടുംബത്തെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടവും നടത്താന്‍ കഴിഞ്ഞിട്ടില്ല. സ്വിറ്റ്സര്‍ലന്‍ഡ് എംബസി വഴി കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിന്‍റെ വിശദാംശങ്ങള്‍ അറിയാന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇന്നലെ (ഒക്‌ടോബര്‍ 22) ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി.
കേസുമായി ബന്ധപ്പെട്ട് ജനക്‌പുരിയിലെ ഗുർപ്രീതിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 2.10 കോടി രൂപയും ഇയാളുടെ കാറില്‍ നിന്നും നാല് തോക്കുകളും അമ്പതോളം വെടിയുണ്ടകളും അന്വേഷണ സംഘം കണ്ടെടുത്തു. നിരവധി വിദേശ വനിതകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ പിതാവ് രത്ന വ്യാപാരിയാണ്. അതുകൊണ്ട് തന്നെ പിതാവിന്‍റെ ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് വിദേശ വനിതകളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ളതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലൂടെ വന്‍തുക കൈമാറ്റം ചെയ്‌തതായും കണ്ടെത്തി. ഗുര്‍പ്രീതിന്‍റെ പക്കല്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും സംഘം കണ്ടെടുത്തു. എന്നാല്‍ ഇതിലൊന്ന് ലെനയുടെയും മറ്റ് രണ്ടെണ്ണം തന്‍റേതുമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
പ്രതിയില്‍ നിന്നും കണ്ടെത്തിയ കണക്കില്ലാത്ത പണവും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളും വിലയിരുത്തിയ പൊലീസ് ഇയാള്‍ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമാണോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട യുവതിയുടെ ദേഹത്ത് പൊള്ളലേറ്റതിന്‍റെ അടക്കം നിരവധി മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്.
ക്രൂര മര്‍ദനത്തിന് ഇരയായതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. മനുഷ്യക്കടത്ത് സംഘം ഇരകളെ ഉപദ്രവിക്കുന്നതിന് സമാന രീതിയിലാണ് യുവതി ആക്രമിക്കപ്പെട്ടതെന്നും പൊലീസ് പറയുന്നു. ലെനയുടെ മൃതദേഹം കൊണ്ടുപോയ കാര്‍ ലൈംഗിക തൊഴിലാളിയായ മറ്റൊരു യുവതിയുടെ പേരിലുള്ളതാണ്. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. അതേ സമയം ഇയാള്‍ ഉപയോഗിച്ച കാര്‍ മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതാണ്. ഗുര്‍പ്രീതുമായി നിരന്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തിയയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കാറാണിത്. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗുര്‍പ്രീതില്‍ നിന്നും കണ്ടെടുത്ത കണക്കില്‍പ്പെടാത്ത പണത്തെ കുറിച്ച് ഡല്‍ഹി പൊലീസ് ഇഡിയ്‌ക്കും ആദായ നികുതി വകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്. ഡല്‍ഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.