റായ്‌ഗഡ് : മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ ഹരിഹരേശ്വർ ബീച്ചിൽ ആയുധങ്ങളുമായി സംശയാസ്‌പദമായ സാഹചര്യത്തിൽ അജ്ഞാത ബോട്ട് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബോട്ടിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും ബുള്ളറ്റുകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തിൽ സുരക്ഷാ ഭീഷണിയില്ലെന്നും ഒമാൻ തീരത്തിന് സമീപം അപകടത്തിൽപ്പെട്ട ബോട്ടാണിതെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.
ഒമാനിൽ നിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന യുകെ രജിസ്‌ട്രേഷനുള്ള ബോട്ട് ജൂൺ 26 ന് മസ്‌കറ്റ് തീരത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ അപകടത്തിൽ നശിച്ചതിനാൽ ബോട്ട് കടലിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ബോട്ട് ഒഴുകി തീരത്തടിഞ്ഞതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരത്തിലുള്ള ബോട്ടുകളിൽ ചെറിയ ആയുധങ്ങൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. എന്നാൽ ബോട്ട് ഉപേക്ഷിച്ചവർ ആയുധങ്ങൾ എടുക്കാൻ മറന്നുപോയതായതാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ പ്രദേശവാസികളാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ ബോട്ട് കണ്ടെത്തിയത്.
തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. അതേസമയം ആയുധങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.