ബുൽധാന: രാജ്യത്തെ നടുക്കിയ അപകട വാർത്തയാണ് മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ നിന്നും ഇന്ന് (ജൂലൈ 1 ശനിയാഴ്‌ച) പലർച്ചെ പുറത്തുവന്നത്. മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിലാണ് കുട്ടികളുൾപ്പടെ 26 പേരുടെ മരണത്തിനിടയാക്കിയ അതിദാരുണമായ ബസ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ബസിന് തീപിടിച്ചായിരുന്നു അപകടം.
32 യാത്രക്കാരുമായി നാഗ്‌പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസിലെ 26 പേർ അപകടത്തിൽ വെന്തുമരിച്ചു. 25 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. ഇതിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുടെ പ്രതികരണം പുറത്തുവന്നു. തീപിടിച്ച വാഹനത്തിന്‍റെ പിൻഭാഗത്തെ ചില്ലുകൾ തകർത്താണ് താനും മറ്റുചിലരും പുറത്തെത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
ബുൽധാനയിലെ സിന്ദ്‌ഖേദ്‌രാജയ്ക്ക് സമീപം സമൃദ്ധി എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 1.30 ഓടെ നാഗ്‌പൂരിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ പാസഞ്ചർ റോഡിലെ ഡിവൈഡറിൽ ഇടിച്ച്, തീ പടർന്നാണ് അപകടം ഉണ്ടായത്. "ബസിന്‍റെ ഒരു ടയർ പൊട്ടി, ഉടൻ വാഹനത്തിന് തീപിടിച്ചു. അൽപ സമയത്തിനുള്ളിൽ തന്നെ ബസിൽ മുഴുവനായും തീ പടർന്നു'- അപകടത്തെ അത്ഭുതകരമായി അതിജീവിച്ചയാൾ പറഞ്ഞു. പിന്നിലെ ജനൽ തകർത്താണ് താനും തന്‍റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരനും രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തിയതായി രക്ഷപ്പെട്ടവർ പറഞ്ഞു. അതേസമയം നാലോ അഞ്ചോ യാത്രക്കാർ ബസിന്‍റെ ഒരു ചില്ലു തകർത്താണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ ഒരാളും പറഞ്ഞു. എന്നാൽ എല്ലാവർക്കും അതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ജനൽ തകർത്ത് പുറത്തിറങ്ങിയ തങ്ങൾ ഹൈവേയിലൂടെ ആ സമയം കടന്ന് പോയ മറ്റ് യാത്രക്കാരോട് സഹായത്തിനായി അഭ്യർഥിച്ചെങ്കിലും പക്ഷേ ആരും മറ്റ് വാഹനങ്ങൾ നിർത്തിയില്ലെന്നും അപകടത്തെ അതിജീവിച്ചവർ ചൂണ്ടിക്കാട്ടി.
അതേസമയം അതി ഭയാനകമായിരുന്നു അപകടമെന്ന് പ്രദേശവാസിയായ ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു. "പിമ്പൽഖൂതയിൽ ഈ റൂട്ടിൽ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അപകടത്തിന് പിന്നാലെ ഞങ്ങളെ സഹായത്തിനായി വിളിച്ചിരുന്നു. ഉടൻ തന്നെ ഞങ്ങൾ അവിടേക്ക് എത്തി. എന്നാൽ ഭയാനകമായ അവസ്ഥയാണ് അവിടെ ഞങ്ങൾ കണ്ടത്. ടയറുകൾ പൊട്ടി ബസിൽ നിന്നും വേർപെട്ട നിലയിൽ ആയിരുന്നു'- പ്രദേശവാസി പറഞ്ഞു.
തങ്ങൾ അവിടെ എത്തിയപ്പോൾ ബസിനുള്ളിൽ അകപ്പെട്ട ആളുകൾ ജനാലകൾ തകർക്കാൻ ശ്രമിക്കുന്നതാണ് കണ്ടെതെന്നും ആളുകൾ ജീവനോടെ വെന്തെരിയുന്നത് കാണേണ്ടി വന്നെന്നും അവർ കൂട്ടിച്ചേർത്തു. 'കരയുകയല്ലാതെ ആ സമയം ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, കാരണം തീ അത്രയേറെ ശക്തമായിരുന്നു'- അദ്ദേഹം പറഞ്ഞു. അപകട സമയം ഹൈവേയിലൂടെ പോയ മറ്റ് വാഹനങ്ങൾ സഹായത്തിനായി നിർത്തിയിരുന്നെങ്കിൽ കൂടുതൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു. ബുല്‍ധാന സിവില്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്ന് പൊലീസ് ഡെപ്യൂട്ടി എസ്‌പി ബാബുറാവു മഹാമുനി പറഞ്ഞിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളുമുണ്ട്.
യാത്രക്കിടെ ബസിന്‍റെ ഒരു ടയര്‍ പൊട്ടുകയും പിന്നാലെ പില്ലറില്‍ ഇടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഡിവൈഡറിലും ഇടിച്ചതോടെ ബസിന് തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ആക്‌സില്‍ ഒടിഞ്ഞ് ഊരി പോയിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അഗ്‌നിശമന സേന സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു.
ടയർ പൊട്ടി, ബസ് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് ബസിന്‍റെ ഡീസൽ ടാങ്കിന് തീപിടിക്കുകയായിരുന്നു എന്നുമാണ് ഡ്രൈവർ പറയുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബുൽധാന എസ്‌പി സുനിൽ കദസനെ അറിയിച്ചു. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞ് മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.