ചെന്നൈ: അയൽ സംസ്ഥാനമായ കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി തമിഴ്നാട്. തമിഴിനാട് - കേരളാ അതിർത്തിയിൽ പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കേരളത്തിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കുമെന്നും ആരോഗ്യ സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണൻ പറഞ്ഞു.
രാഷ്ട്രീയ യോഗങ്ങളിലും റാലികളിലും മറ്റും പങ്കെടുക്കുന്നവർ മാസ്കുകൾ ധരിക്കണമെന്നും ജനങ്ങൾ എല്ലാ തരം കൊവിഡ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജെ രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിൽ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,05,850 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 83 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 1,50,055 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും 1,06,99,410 പേർ ഇതുവരെ രോഗമുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 1,56,385 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകൾ പ്രകാരം 1,11,16,854 കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തിട്ടുണ്ട്.