സൂറത്ത്: ഗുജറാത്തില്‍ ലൈറ്റ് ഓഫാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ മകൻ പിടിയില്‍. സൂറത്തിലെ അംറോളി പ്രദേശത്താണ് സംഭവം. പ്രദേശത്തെ ഫാക്‌ടറിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ ഗണേഷ് സവായിയെ കൊലപ്പെടുത്തിയതിന് മകന്‍ ശങ്കര്‍ സവായ്, പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.
കല്ലുകൊണ്ടും പങ്കായം കൊണ്ടും തലയിൽ ഇടിച്ചാണ് കൊലപ്പെടുത്തിയത്. യുവാവ് വീട്ടിലെ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്ന് പിതാവ് വഴക്കുപറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമിച്ചത്. വയോധികന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡയമണ്ട് ഫിക്‌സിങ് കമ്പനിയിലെ ജീവനക്കാരനാണ് മകന്‍.
വയോധികന്‍റെ രണ്ടാമത്തെ മകൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ അംറോളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് കണ്ടെത്തിയത്.