ന്യൂഡല്‍ഹി: മഹാരാഷ്‌ട്ര അസംബ്ലിയില്‍ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്‌ച (30.06.2022) നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പരിഗണിക്കും. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനായി നാളെ പ്രത്യേക സഭാസമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്‌ക്ക് നിര്‍ദേശം നല്‍കിയത്. രാവിലെ 11 മണിക്ക് സഭ ചേര്‍ന്ന് വൈകിട്ട് അഞ്ചിന് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്‌ച ഗവർണറെ കണ്ടിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതിയത്. അയോഗ്യത കാണിച്ച് 16 വിമത എംഎല്‍എമാര്‍ക്ക് അയച്ച നോട്ടീസിന് മറുപടി അവരില്‍ നിന്ന് ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണറുടെ നിര്‍ദേശം നിയമവിരുദ്ധമെന്നാണ് ശിവസേനയുടെ ഹര്‍ജിയില്‍ പറയുന്നത്.