ന്യൂഡൽഹി : വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം അളന്ന് തിട്ടപ്പെടുത്തണമെന്ന വാരാണസി കോടതിയുടെ ഉത്തരവിനെതിരായ ഹർജി മെയ് 17 ന് സുപ്രീം കോടതി പരിഗണിക്കും. വിഷയത്തിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡും ജസ്റ്റിസ് പമിഡിഘണ്ടം ശ്രീ നരസിംഹവും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അഞ്ജുമാൻ ഇന്‍റസ്മിയ മസ്‌ജിദ് വാരണാസി മാനേജ്‌മെന്‍റ് കമ്മിറ്റിയാണ് ഹർജി നൽകിയത്. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ഹുസേഫ അഹമ്മദി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസിന്‍റെ വസ്തുതകൾ പരിശോധിക്കാതെ സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
Also Read: ഗ്യാന്‍വാപി മസ്‌ജിദ് സർവേ: ശിവലിഗം കണ്ടെത്തിയെന്ന് അവകാശവാദം, സ്ഥലം സീല്‍ ചെയ്യാൻ കോടതി നിർദ്ദേശം
ഉത്തരവ് സാമുദായിക സമാധാനവും സൗഹാർദവും തകർക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തിലെ മൂന്ന് ദിവസം നീണ്ട വീഡിയോഗ്രാഫി സർവേ അവസാനിച്ചു. ഇതിന് പിന്നാലെ ശിവലിഗം കണ്ടെത്തിയെന്ന അവകാശവാദവുമായി കേസിലെ ഹർജിക്കാരനായ സോഹൻലാല്‍ ആര്യ രംഗത്ത് എത്തിയിരുന്നു.