ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട്, യാത്രാ രേഖകളും സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച തെളിവുകളും സംരക്ഷിക്കണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് സുപ്രീം കോടതിയുടെ നിർദേശം. വിഷയത്തിൽ സഹകരിക്കണമെന്നും മുഴുവൻ രേഖകളും ഉടനടി നൽകണമെന്നും പൊലീസ് അധികാരികൾ ഉൾപ്പെടെ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥരോടും മറ്റ് കേന്ദ്ര, സംസ്ഥാന ഏജൻസികളോടും കോടതി ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച സമിതികളോട് അടുത്ത തിങ്കളാഴ്ച വരെ അന്വേഷണം മരവിപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
READ MORE: വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി
സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചുള്ള തെളിവുകൾ സംരക്ഷിക്കപ്പെടണമെന്നും വീഴ്‌ച വരുത്തിയ പഞ്ചാബ് സർക്കാർ ഉദ്യാഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച 'അപൂർവങ്ങളിൽ അപൂർവമായ' സംഭവമാണെന്നും അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കി എന്നുമായിരുന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.
ജനുവരി അഞ്ചിന് പഞ്ചാബിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്‌പൂരിലെ പ്രതിഷേധക്കാർ തടഞ്ഞത്. പഞ്ചാബിൽ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെയായി ഏകദേശം 20 മിനിറ്റോളമാണ് പ്രധാനമന്ത്രി ഫ്ലൈഓവറില്‍ കുടുങ്ങിക്കിടന്നത്. ഹുസൈനിവാലയിലെ ദേശീയ രക്ഷസാക്ഷി സ്‌മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ റാലി റദ്ദാക്കിയിരുന്നു.