ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈക്കോടതി വിധി ശരിവച്ചു. തുടർന്ന് ഉചിതമായ തീരുമാനത്തിന് വിഷയം ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെ വയ്ക്കുകയാണെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു.
കേസ് വാദം കേട്ട നാൾ തൊട്ട് ഹിജാബ് വിഷയത്തിൽ പ്രകടമായ അഭിപ്രായ ഭിന്നതയാണ് അവസാനം വിധിയിലും പ്രതിഫലിച്ചത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത 11 ചോദ്യങ്ങളുണ്ടാക്കി അവയുടെ എല്ലാം ഉത്തരങ്ങൾ ഹിജാബിന് അനുകൂലമായ വാദങ്ങൾക്ക് എതിരാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ വിധിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് തന്‍റെ പരിഗണന വിഷയം. പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാണോ എന്നതാണ് തന്‍റെ ചോദ്യം. അല്ലാതെ ഹിജാബ് ഇസ്‍ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ലെന്ന് ജസ്റ്റിസ് ധുലിയ തന്റെ വിധിപ്രസ്താവനയിൽ വ്യക്തമാക്കി.
തുടക്കം ഉഡുപ്പി പിയു കോളജില്‍: 2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി ഒന്നിന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു. ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പാളിന്‍റെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായി.
ഹിജാബിനെതിരെ കാവി ഷാള്‍: ഇതിനിടെ സംഘപരിവാർ വിദ്യാർഥി സംഘടന നേതാക്കൾ കാവി ഷാള്‍ ധരിച്ച് കോളജുകളിലെത്തി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധവും വളരെ പെട്ടെന്ന് മറ്റു കോളജുകളിലേക്ക് പടർന്നു. ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കർണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.
സുപ്രീംകോടതിയില്‍ അപ്പീല്‍: വിവിധ വിദ്യാര്‍ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി കെ നവദഗി എന്നിവര്‍ ഹാജരായി.
പത്ത് ദിവസം വാദംകേള്‍ക്കല്‍ നീണ്ടുനിന്നു. സെപ്റ്റംബർ 5ന് സുപ്രിംകോടതി ഹരജികള്‍ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേള്‍ക്കലിന് ഒടുവിൽ വിധി പറയാന്‍ മാറ്റിവച്ച കേസിലാണ് ഇന്ന് സുപ്രിംകോടതി വിധി പറഞ്ഞത്.