ന്യൂഡല്‍ഹി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്‍ററി രാജ്യത്ത് വിലക്കിയതില്‍ മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടിസ്. ഡോക്യുമെന്‍ററി നിരോധനവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ക്ക് ആധാരമായ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ അടുത്ത വാദം ഏപ്രില്‍ മാസത്തില്‍ കോടതി പരിഗണിക്കും.
ഡോക്യുമെന്‍ററി വിലക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതിയുടെ നിര്‍ദേശം. 'ഇന്ത്യ ദ മോദി ക്വസ്‌റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാരിന്‍റെ നടപടി ചോദ്യം ചെയ്‌തായിരുന്നു പൊതുതാല്‍പര്യ ഹര്‍ജികള്‍. 2002 ലെ ഗുജറാത്ത് കലാപത്തില്‍, അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്‌ക്കുണ്ടായിരുന്ന പങ്കിനെ വിമര്‍ശിക്കുന്നതാണ് ഡോക്യുമെന്‍ററിയുടെ പ്രധാന ഉള്ളടക്കം.
ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ നിരോധനം: ഇന്ത്യയില്‍ ഡോക്യുമെന്‍ററിയ്‌ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ ഹര്‍ജിക്കാര്‍ ശക്തമായി എതിര്‍ത്തു. ഇതേതുടര്‍ന്നാണ്, കേന്ദ്രത്തോട് മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയിത്ര, ആക്‌ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകനായ എന്‍ റാം തുടങ്ങിയവര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികളില്‍ വാദം കേട്ടത് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജസ്‌റ്റിസ് എം എം സുന്ദരേഷ് എന്നിവരാണ്.
ഡോക്യുമെന്‍ററിയുടെ നിരോധനം ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്‍ററിയില്‍ അടങ്ങിയിട്ടുള്ള വിവരങ്ങള്‍ സംഗ്രഹിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. ഡോക്യുമെന്‍ററിയിലെ ഉള്ളടക്കം വിശദമാക്കുന്നതില്‍ മാധ്യമങ്ങള്‍ അവരുടെ മൗലികാവകാശം ശരിയായ വിധം ഉപയോഗിച്ചില്ലെന്നും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നു.
പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, ഹര്‍ജിക്കാര്‍ തങ്ങളുടെ വിലപ്പെട്ട സമയം സുപ്രീം കോടതിയില്‍ പാഴാക്കുകയാണെന്ന് നിയമമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു. സര്‍ക്കാര്‍, ഐടി നിയമത്തിന് കീഴിലുള്ള അടിയന്തര അധികാരമുപയോഗിച്ചാണ് ഡോക്യുമെന്‍ററിയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
സമൂഹമാധ്യമങ്ങളിലടക്കം വിലക്ക് നീക്കണമെന്ന് ഹര്‍ജിക്കാര്‍ : വിലക്ക് കണക്കാക്കാതെ ജനങ്ങള്‍ ഡോക്യുമെന്‍ററി കാണുന്നുണ്ടല്ലോയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം ആര്‍ട്ടിക്കിള്‍ 19(1)(എ) നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആര്‍ട്ടിക്കിള്‍ 19(2) പ്രകാരം നിയന്ത്രണത്തില്‍ ഉള്‍പ്പെടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 2023 ജനുവരി 17ന് പുറത്തുവിട്ട, ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗത്തില്‍ ആയിരക്കണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞ കലാപത്തില്‍ നരേന്ദ്രമോദിക്കുള്ള പങ്കിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തുവിട്ടത് ജനുവരി 24നാണ്.
ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും വീഡിയോയും നീക്കാന്‍ ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 19(1)(2) പ്രകാരം പൗരന്‍മാര്‍ക്ക് ഡോക്യുമെന്‍ററി കാണാനുള്ള അധികാരമുണ്ടെന്ന് കോടതി ഉത്തരവിറക്കി.
ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ട നിരവധി വീഡിയോകളും ലിങ്കുകളും ജനുവരി 21ഓടെ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കപ്പെട്ടിരുന്നു.ഈ സാഹചര്യത്തില്‍ പ്രസ്‌തുത കണ്ടന്‍റുകള്‍ വീണ്ടെടുക്കാന്‍ അനുവദിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.