ന്യൂഡൽഹി : വാരണാസിയിലെ ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി നീട്ടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് ജില്ല മജിസ്ട്രേറ്റ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.
അഭിഭാഷക കമ്മിഷന്‍ നടത്തിയ സര്‍വെയെ തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്യണമെന്ന സുപ്രീം കോടതി ഇടക്കാല ഉത്തരവിന്‍റെ കാലാവധി നവംബര്‍ 12ന് അവസാനിക്കാനിരിക്കെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസില്‍ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലെന്ന് അറിയിച്ച കോടതി നേരത്തെയുള്ള ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും വ്യക്തമാക്കി.
കേസില്‍ സർവേ കമ്മിഷണറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് ഗ്യാന്‍വാപി മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ഹിന്ദു സംഘടനകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മെയ് 17നാണ് ഗ്യാന്‍വാപി മസ്‌ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീല്‍ ചെയ്‌ത് സംരക്ഷിക്കാനായി സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.
അതേസമയം മസ്‌ജിദില്‍ മുസ്‌ലിം മതസ്ഥര്‍ക്ക് നമസ്കാരത്തിന് പ്രവേശനം നല്‍കുകയും ചെയ്‌തിരുന്നു. ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിനാണ് ഇന്ന് കോടതിയില്‍ ഹാജരായത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കുന്നതിനുള്ള ഇടക്കാല ഉത്തരവ് നീട്ടണമെന്ന് ജെയിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് നവംബര്‍ 12ന് അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1991ലാണ് വാരണാസിയിലെ ഗ്യാന്‍വാപി മസ്‌ജിദുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ആരംഭിക്കുന്നത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് വാരണാസി സിവില്‍ കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും നിരവധി ഹര്‍ജികളാണ് ഫയല്‍ ചെയ്‌തിട്ടുള്ളത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്‍റെ ഭരണ കാലത്ത് ഭഗവാന്‍ വിശ്വേശ്വരന്‍റെ ക്ഷേത്രം തകര്‍ത്താണ് മസ്‌ജിദ് പണിതതെന്നാണ് ഹിന്ദു മതവിഭാഗത്തിന്‍റെ ആരോപണം.
വിഷയത്തില്‍ ഗ്യാന്‍വാപിയില്‍ രണ്ട് മതസ്ഥരും അവകാശവാദം ഉന്നയിക്കുകയാണിപ്പോള്‍. മസ്‌ജിദിലെ ആരാധനയുമായി ബന്ധപ്പെട്ട കേസ് സിവില്‍ ജഡ്‌ജിയില്‍ നിന്ന് വാരണാസി ജില്ല ജഡ്‌ജിക്ക് കൈമാറാന്‍ കഴിഞ്ഞ മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.