ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആർത്തവ അവധി നടപ്പാക്കണമെന്ന പൊതു താൽപര്യ സുപ്രീംകോടതി തള്ളി. രാജ്യത്തെ ജീവനക്കാർക്ക് ആർത്തവ വേദന അവധി ആവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. വിഷയത്തിന്‍റെ നയപരമായ മാനം കണക്കിലെടുത്താണ് ഹർജി തള്ളിയതെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന് മുമ്പാകെ ഹർജി സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും വിദ്യാർഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി നല്‍കിയത്.
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സംസ്ഥാന കോളേജുകളിലും സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും നടപ്പിലാക്കിയതിന് ശേഷം രാജ്യത്ത് പല സ്ഥലങ്ങളിൽ നിന്നും ആർത്തവ വേദന അവധിക്കായി ആവശ്യം ഉയർന്നിരുന്നു. ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനവും ചേർത്താണ് ശൈലേന്ദ്ര മണി ത്രിപാഠി ഹർജി സമർപ്പിച്ചത്.