ന്യൂഡൽഹി: ഗർഭച്ഛിദ്രത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. അവിവാഹിതയെന്ന കാരണത്താൽ ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി 25കാരി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
യുവതിയുടെ ജീവന് ഭീഷണിയില്ലാതെ ഭ്രൂണഹത്യ നടത്താമോയെന്ന് പരിശോധിക്കാന്‍ ഡല്‍ഹി എയിംസ് ഡയറക്‌ടർക്ക് കോടതി നിര്‍ദേശം നല്‍കി. അതിനായി ഡോക്‌ടർമാരുടെ രണ്ടംഗ സംഘം രൂപീകരിച്ച് വെള്ളിയാഴ്‌ച യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി ഉത്തരവിട്ടു. ഹർജിയുടെ അടിസ്ഥാനത്തിൽ ഡൽഹി എയിംസിൽ ഗർഭച്ഛിദ്രം നടത്താനും കോടതി നിർദേശിച്ചു.
2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട് ഭേദഗതിയിൽ സെക്ഷൻ 3ൽ ഭർത്താവിന് പകരം പങ്കാളി എന്ന വാക്ക് ഉപയോഗിക്കുന്നു. ഇത് വിവാഹിതരല്ലാത്ത സ്ത്രീകളെയും നിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയതിന് തെളിവാണ് എന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതി വിമർശിച്ചു. അവിവാഹിതയാണ് എന്ന കാരണത്താൽ പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധത്തിൽ നിന്നുണ്ടായ ഗർഭം 23 ആഴ്‌ചയ്ക്കുള്ളിൽ അലസിപ്പിക്കാൻ അനുവദിക്കാതിരുന്ന ഡൽഹി കോടതി വിധി അനാവശ്യമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമനിര്‍മ്മാണ സംബന്ധിയായ വിഷയത്തില്‍ കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ സഹായം തേടി.
ഹർജിക്കാരിയെ അനാവശ്യ ഗർഭധാരണത്തിന് നിർബന്ധിക്കുന്നത് നിയമനിർമാണത്തിന്‍റെ ലക്ഷ്യത്തിനും അന്തസിനും വിരുദ്ധമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. അവിവാഹിതയാണെന്ന കാരണത്താൽ ഹർജിക്കാരിക്ക് നിയമത്തിന്‍റെ ആനുകൂല്യം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.
22-ാമത്തെ ആഴ്‌ചയിലാണ് താൻ ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. ഗർഭച്ഛിദ്രം നടത്താൻ യുവതി തീരുമാനിച്ചുവെങ്കിലും അത് ഭ്രൂണത്തെ കൊല്ലുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 16ന് ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചു. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നുണ്ടാകുന്ന ഗർഭം അലസിപ്പിക്കൽ 20 ആഴ്‌ചയ്ക്ക് ശേഷം നിയമപ്രകാരം അനുവദനീയമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.