ചണ്ഡിഗഢ്: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെക്കുറിച്ചുള്ള ബി.ജെ.പിയുടെ പ്രചാരണം കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി. ക്രമസമാധാനത്തെക്കുറിച്ച് എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ തന്നെ വിളിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ നേരിട്ട് റിപ്പോർട്ട് തേടുന്നതിനു പകരം ബി.ജെ.പി മറ്റ് വഴികൾ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവർണർ വിളിച്ച് വരുത്തി വിശദീകരണം തേടിയ സംഭവത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കാർഷിക നിയമ പ്രതിഷേധത്തിനിടെ ചില മൊബൈൽ ടവറുകൾ സമരക്കാർ തകർത്തിരുന്നു. ഈ സംഭവത്തിലാണ് ഗവർണർ വിശദീകരണം തേടിയത്.
അതേസമയം മൊബൈൽ ടവറുകളുടെ നാശനഷ്‌ടം സർക്കാർ വിലയിരുത്തുമെന്ന് അമരീന്ദർ സിങ് പറഞ്ഞു. അതിർത്തിയിലെ കർഷകരുടെ മരണത്തിൽ ഒരു ബി.ജെ.പി നേതാവ് പോലും ആശങ്ക പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. `നക്‌സലൈറ്റുകൾ ',' ഖാലിസ്ഥാനികൾ 'തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് കർഷകരെ അപമാനിക്കുന്നതിന് പകരം കാർഷിക സമൂഹത്തിൻ്റെ ഉപജീവനവും ഭാവിയും സംരക്ഷിക്കാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.