ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയ സുള്ളി ഡീല്‍സ്, ബുള്ളി ഭായി ആപ്പുകളുടെ നിര്‍മാതാക്കള്‍ക്ക് ഡല്‍ഹിയിലെ വിചാരണക്കോടതി ജാമ്യം നല്‍കി. സുള്ളി ഡീല്‍സ് നിര്‍മാതാവ് ഓംകാരേശ്വര്‍ താക്കൂറിനും(25), 'ബുള്ളി ഭായി' നിര്‍മാതാവ് നീരജ് ബിഷ്‌ണോയിക്കുമാണ് ജാമ്യം ലഭിച്ചത്. ഫോറന്‍സിക് പരിശോധനഫലം വൈകുന്നത് കൊണ്ടും ആപ്പുകള്‍ ഹോസ്റ്റ് ചെയ്‌ത കമ്പനിയില്‍നിന്ന് നിന്ന് മറുപടി ഇതുവരെ ലഭിക്കാത്തതുമാണ് ഇവരുടെ ജാമ്യത്തിലേക്ക് വഴിവച്ചതെന്ന് ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ പി എസ് മല്‍ഹോത്ര പറഞ്ഞു.
ഡല്‍ഹി പൊലീസിന്‍റെ അന്വേഷണത്തില്‍ വിചാരണക്കോടതി യാതൊരുവിധ കുറവുകളും കണ്ടെത്തിയില്ലെന്നും മല്‍ഹോത്ര പറഞ്ഞു. മാനുഷിക പരിഗണന വച്ചും ഇവര്‍ ആദ്യമായി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളുകളുമായതുകൊണ്ടാണ് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഡല്‍ഹി പൊലീസിലെ സൈബര്‍ ക്രൈം വിഭാഗമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
ലൈംഗികപരമായി പീഡനത്തിന് ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 354 എ യാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ബുള്ളി ഭായി ആപ്പ് നിര്‍മ്മിച്ച നീരജ് ബിഷ്ണോയിയെ ഡല്‍ഹി പൊലീസ് ഈ വര്‍ഷം ജനുവരി ആറിനാണ് അറസ്റ്റ് ചെയ്യുന്നത്. സുള്ളി ഡീല്‍സ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്യുന്നത് ജനുവരി എട്ടിനും. നീരജ് ബിഷ്ണോയി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു താക്കൂറിന്‍റെ അറസ്റ്റ്.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവരെ ലേലത്തിന് വയ്ക്കുന്ന രീതിയില്‍ അവതരിപ്പിച്ചുള്ള സുള്ളി ഡീല്‍സ് പുറത്ത് വരുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ബുള്ളി ഭായി ആപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തക ആപ്പിനെതിരെ പരാതി കൊടുക്കുകയായിരുന്നു. ഗിറ്റ്‌ഹബ്ബിലാണ് ആപ്പുകള്‍ ഹോസ്റ്റ് ചെയ്‌തത്. മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥിനികള്‍ എന്നിവരുടെ ചിത്രങ്ങളും അവയോടൊപ്പം അപകീര്‍ത്തികരമായ പരമാര്‍ശങ്ങളുമായിരുന്നു ബുള്ളി ഭായി ആപ്പിലുണ്ടായിരുന്നത്.
ALSO READ: ബുള്ളി ബായ് ആപ്പ് കേസിലെ പ്രതികൾക്ക് സുള്ളി ഡീൽസിലും പങ്കുണ്ടെന്ന് മുംബൈ പൊലീസ്