ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രി സത്യേന്ദർ ജെയിനും തന്നെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന ആരോപണവുമായി സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയ്ക്ക് സുകേഷ് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇരുവർക്കുമെതിരെ ഹൈക്കോടതിയിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും സുകേഷ് പരാമർശിച്ചു.
48 മണിക്കൂറിനുള്ളിൽ തെളിവുകൾ നശിപ്പിച്ച് കേസ് പിൻവലിക്കണമെന്ന് സത്യേന്ദർ ജെയിൻ ആവശ്യപ്പെട്ടുവെന്നും സുകേഷ് ആരോപിച്ചു. ജയിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും സുകേഷ് കത്തിൽ പറയുന്നു. തങ്ങൾക്കെതിരായ എല്ലാ സ്ക്രീൻ ഷോട്ടുകളും വോയ്‌സ് റെക്കോർഡുകളും കൈമാറണം. മാധ്യമങ്ങൾക്കും ഉന്നതതല സമിതിക്കും നൽകിയ മൊഴികൾ പിൻവലിക്കാനും ജെയിൻ ആവശ്യപ്പെട്ടതായി സുകേഷ് ആരോപിച്ചു.
നേരത്തെ ഗവർണർക്ക് അയച്ച കത്തിൽ കർണാടക തെരഞ്ഞെടുപ്പിൽ ജെയിൻ തനിക്ക് സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും പഞ്ചാബിൽ ഖനനം നടത്തുന്നതിന് അനുമതി നൽകാമെന്നും സുകേഷ് പറഞ്ഞിരുന്നു. തന്നെ മറ്റൊരു ജയിലിലേക്ക് മാറ്റുമെന്ന് ജെയിൻ ഭീഷണിപ്പെടുത്തിയെന്നും സുശാന്ത് സിങ് രജ്‌പുത്തിനെപ്പോലെ തന്നെ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാക്കുമെന്നും ജെയിൻ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
സത്യേന്ദർ ജെയിനും തിഹാർ ജയിൽ ഡയറക്‌ടർ ജനറലും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും സുകേഷിന്‍റെ കത്ത് പുറത്ത് വന്നിരുന്നു. ഉന്നത വ്യക്തികളിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും പണം തട്ടിയ കേസിൽ ഇയാൾ ഇപ്പോൾ ഡൽഹിയിലെ മണ്ഡോലി ജയിലിലാണ്. വധഭീഷണി ചൂണ്ടിക്കാട്ടിയുള്ള സുകേഷിന്‍റെ അഭ്യർഥനയെ തുടർന്നാണ് തിഹാർ ജയിലിൽ നിന്നും മണ്ഡോലി ജയിലിലേക്ക് മാറ്റിയത്.