ന്യൂഡല്‍ഹി : കൊവിഡ് രോഗബാധിതരില്‍ ആദ്യ കാലത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ വ്യത്യസ്‌തമാണെന്ന് പഠനം. ഇംഗ്ലണ്ടിലെ കിങ്സ് കോളജ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. വിവിധ പ്രായ വിഭാഗക്കാര്‍ക്കിടയിലും രോഗലക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ചെറുപ്പക്കാര്‍ക്കിടയിലും (16നും 59 നും ഇടയില്‍ പ്രായമുള്ളവര്‍) പ്രായമായവരിലും (60 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍) രോഗലക്ഷണങ്ങളിലുള്ള വ്യത്യാസം പ്രകടമാണെന്നാണ് കണ്ടെത്തല്‍. 18 രോഗ ലക്ഷണങ്ങള്‍ പരിശോധിച്ചതില്‍ വിവിധ വിഭാഗങ്ങളില്‍ വെവ്വേറെയാണ് കണ്ടെത്തിയത്.
Also read: പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷം ; സ്ഥിതി വിലയിരുത്തി കേന്ദ്രം
സോയ് കൊവിഡ് സിംപ്റ്റംസ് സ്റ്റഡി ആപ്പില്‍ നിന്നെടുത്ത ഏപ്രില്‍ 20 മുതല്‍ ഒക്‌ടോബര്‍ 15 വരെയുള്ള വിവരങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്.
മണമില്ലായ്‌മ, നെഞ്ച് വേദന, നിരന്തമായ ചുമ, വയറുവേദന, കാല്‍പാദങ്ങളില്‍ കാണുന്ന തടിപ്പ്, കണ്ണ് വേദന, പേശി വേദന തുടങ്ങിയവയാണ് തുടക്കത്തില്‍ ഉണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങള്‍.
പുരുഷന്മാര്‍ക്ക് ശ്വാസ തടസം, ക്ഷീണം, വിറയല്‍ തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍ സ്‌ത്രീകള്‍ക്ക് മണമില്ലായ്‌മ, നെഞ്ചുവേദന, ചുമ എന്നീ ലക്ഷണങ്ങളാണ് കൂടുതലും കാണുന്നതെന്നും പഠനം വ്യക്തമാക്കുന്നു.