സുതി (മുർഷിദാബാദ്) : റെയിൽവേ ട്രാക്കിൽ റീൽ വീഡിയോ ചിത്രീകരണത്തിനിടെ ചരക്ക് ട്രെയിന്‍ തട്ടി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു (Goods train runs over students). മുർഷിദാബാദിലെ സുതി-അഹിറോൺ റെയിൽവേ ലൈനിലാണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമിയുൾ ഷെയ്ഖ്, അമാൽ ഷെയ്ഖ്, റിയാസ് ഷെയ്ഖ് എന്നിവരാണ് മരിച്ചത്.
ഇവര്‍ സുതി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇംഗ്ലീഷ് സഹപാര ഗ്രാമത്തിലെ താമസക്കാരാണ്. മൂവരും ഔറംഗബാദിലെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. രോഹിത് ഷെയ്ഖ്, ആകാശ് ഷെയ്ഖ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരെയും ജംഗിപൂർ ഉപജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ച് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുന്നതിനായി റീൽ വീഡിയോകൾ നിർമ്മിക്കുകയായിരുന്നു (Students shooting reels on railway track) വീഡിയോ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് കാണാതിരുന്നതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ റെയിൽവേ ലൈനിൽ നിന്ന് കണ്ടെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ജാര്‍ഖണ്ഡില്‍ ട്രെയിന്‍ തട്ടി മരണം : അടുത്തിടെ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കാഞ്ചന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ചരക്ക് തീവണ്ടിയാണ് 14ഉം 15ഉം വയസുള്ള കുട്ടികളെ തട്ടിയത്. ട്രാക്‌ടറില്‍ മണല്‍കയറ്റുന്ന ജോലിക്കായി കുട്ടികള്‍ കാഞ്ചന്‍പൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബര്‍വാദിഹ് പ്രദേശത്തെ ഒരു ഇഷ്‌ടികച്ചൂളയില്‍ ജോലി ചെയ്‌തിരുന്ന കുട്ടികളാണ് അപകടത്തില്‍ മരിച്ചതെന്ന് ബര്‍വാദിഹ് പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ഡിഎസ് സര്‍ദാര്‍ പറഞ്ഞു.
കോട്ടയത്തും അപകടം : സെപ്‌റ്റംബറില്‍ കോട്ടയത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. കൂട്ടുകാരുമൊത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെയാണ് ട്രെയിന്‍ തട്ടിയത്. കോട്ടയം മഞ്ഞൂർ ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പിൽ അഭിജിത്ത് (28) ആണ് മരിച്ചത്. കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂർ റോഡിലെ ഓവർ ബ്രിഡ്‌ജിന് സമീപമായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയില്‍ അഭിജിത്തിനെ ട്രെയിൻ തട്ടുകയായിരുന്നു.