ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലാം ക്ലാസുകാരനെ സഹപാഠികള്‍ കോമ്പസ് ഉപയോഗിച്ച് മര്‍ദിച്ചതായി പരാതി. 108 തവണ കോമ്പസ് കൊണ്ട് കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എയ്‌റോഡ്രോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസില്‍ നിന്നും വിശദീകരണം തേടി.
നവംബര്‍ 24നാണ് കേസിനാസ്‌പദമായ സംഭവം. ഇൻഡോറിലെ സ്വകാര്യ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വഴക്കാണ് മര്‍ദനത്തില്‍ കലാശിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ മര്‍ദനത്തിന് ഇരയാക്കിയത്. സഹപാഠികള്‍ തന്നോട് ഇത്രയും മോശമായി പെരുമാറിയത് എന്തിനാണെന്ന് അറിയില്ലെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. സംഭവത്തില്‍ എയ്‌റോഡ്രോം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ലെന്ന് പിതാവ് പറഞ്ഞു.
റിപ്പോര്‍ട്ട് തേടി ഡിഡബ്ല്യൂസി: നവംബര്‍ 24ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ കോമ്പസ് കൊണ്ട് മര്‍ദനമുണ്ടായതായി വിവരം ലഭിച്ചതെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ പല്ലവി പോർവാൾ പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും ചെറിയ പ്രായത്തില്‍ വിദ്യാര്‍ഥികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്‍റെ കാരണം കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ പല്ലവി പോർവാൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും പോര്‍വാള്‍ പറഞ്ഞു. കുട്ടികള്‍ ഇത്രയും പ്രകോപിതരാകാന്‍ കാരണമാകും വിധമുള്ള ഗെയിമുകള്‍ കളിക്കാറുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.
വിദ്യാര്‍ഥിയെ ആക്രമണത്തിന് ഇരയാക്കിയ മൂന്ന് വിദ്യാര്‍ഥികളെയും വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ വിവേക് സിങ് ചൗഹാൻ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും 10 വയസിന് താഴെയുള്ളവരാണെന്നും അന്വേഷണത്തിന് ശേഷം നിയമ വ്യവസ്ഥകള്‍ അനുസരിച്ച് അവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
കോഴിക്കോട് യുവാവിന് മര്‍ദനം: പെരുമണ്ണയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. ഇരുമ്പ് വടി കൊണ്ട് മര്‍ദനമേറ്റ യുവാവിന്‍റെ കൈകള്‍ക്ക് പരിക്കേറ്റു. പെരുവയല്‍ സ്വദേശി ശിഹാബുദ്ദീനാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവാവിനെ രണ്ടു പേര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. എന്താണ് മര്‍ദനത്തിന കാരണമെന്നത് വ്യക്തമല്ല. മര്‍ദനത്തിന് പിന്നാലെ രക്ഷപ്പെട്ട യുവാക്കള്‍ ശിഹാബുദ്ദീന്‍റെ ഫോണുമായാണ് കടന്നുകളഞ്ഞത്.
also read: ഭൂമി തർക്കം; കർഷകനെ ആറംഗ അക്രമി സംഘം കൊലപ്പെടുത്തി