കിയോഞ്‌ജർ : ഒഡിഷയിൽ ഹോസ്‌റ്റൽ മുറിയിൽ പാമ്പ് കടിയേറ്റ് രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരിച്ചു. നാല് വിദ്യാർഥികൾക്കാണ് പാമ്പ് കടിയേറ്റത്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒഡിഷയിലെ കിയോഞ്‌ജർ ജില്ലയിലെ റെസിഡൻഷ്യൽ കോച്ചിങ് സെന്‍ററിലാണ് സംഭവം.
വെള്ളിയാഴ്‌ച രാത്രി ഖഗേശ്വർ മൊഹന്ത നടത്തുന്ന, ഫത്താഫത്ത് കോച്ചിങ് സെന്‍ററിൽ വിദ്യാർഥികൾ തറയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് കടിയേറ്റത്. നാല് വിദ്യാർഥികളെയും ഉടൻ തന്നെ കിയോഞ്‌ജറിലെ ജില്ല ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരണപ്പെട്ടിരുന്നു. രാജാ നായക് (12), ഷെഹശ്രീ നായക് (10), എലീന നായക് (7) എന്നിവരാണ് മരിച്ചത്.
പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള ആകാശ് നായകിനെ (12) മെച്ചപ്പെട്ട ചികിത്സയ്ക്കായി കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഭരണകൂടവും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒഡിഷയിൽ പാമ്പ് കടിയേറ്റുള്ള മരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടിയെടുക്കാൻ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
2016നും 2021നും ഇടയിൽ സംസ്ഥാനത്ത് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളേക്കാൾ, കൂടുതൽ ആളുകളും പാമ്പുകടിയേറ്റാണ് മരിച്ചതെന്നാണ് കണക്കുകൾ. 30 ജില്ലകളിലായി 1,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ഏറ്റവും കൂടുതൽ പാമ്പിന്‍റെ ആക്രമണത്തിന് സാധ്യതയുള്ള നാലാമത്തെ സംസ്ഥാനമാണ് ഒഡിഷ.
സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ് : കഴിഞ്ഞ മെയ് മാസമാണ് ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയിലുള്ള അമൗന സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 100 ലധികം കുട്ടികളുടെ ആരോഗ്യനില വഷളായതായും 25 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചിരുന്നു.
ഉച്ചഭക്ഷണത്തോടൊപ്പം 'ഖിച്‌ഡി' വിളമ്പുന്നതിനിടെയാണ് പ്ലേറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. സംഭവത്തിൽ ചിലർ സ്‌കൂളിലെ പ്രധാനധ്യാപകനെ മർദിക്കുകയും ചെയ്‌തിരുന്നു. അതേസമയം ഉച്ചഭക്ഷണം സ്‌കൂളിൽ തയ്യാറാക്കിയതല്ലെന്നും വിതരണക്കാർ എത്തിച്ച് നൽകിയതാണെന്നുമായിരുന്നു സ്‌കൂൾ അധികൃതരുടെ വാദം. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
also read : ബിഹാറിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍
പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി : കഴിഞ്ഞയാഴ്‌ച ഉത്തരാഖണ്ഡിൽ പ്രണയത്തിന് തടസം നിന്ന ആൺ സുഹൃത്തിനെ യുവതി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. നൈനിറ്റാൾ ജില്ലയിലാണ് സംഭവം. രാംപൂറിലെ അങ്കിത് ചൗഹാൻ (32) എന്ന യുവാവാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
അങ്കിതിന്‍റെ കാമുകിയായിരുന്ന മഹി എന്ന യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുകയും ഈ ബന്ധത്തിനെ അങ്കിത് എതിർത്തതിനാൽ പാമ്പ് പിടുത്തക്കാരന്‍റെ സഹായത്തോടെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
also read : Cobra Bite | പ്രണയത്തിന് തടസം നിന്നു, ആൺ സുഹൃത്തിനെ മൂർഖനെക്കൊണ്ട് കടിപ്പിച്ചുകൊന്ന് യുവതി