കോഴിക്കോട് : ചാത്തമംഗലത്ത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയായ ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചാത്തമംഗലം എംഇഎസ് കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി പുല്ലല്ലൂര്‍ സ്വദേശി മിധുലാജിനാണ് പരിക്കേറ്റത്. മുഖത്തും മുതുകിനും ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റാഗിങ് നടത്തിയ സീനിയര്‍ വിദ്യാര്‍ഥികളില്‍ ആറുപേറെ സസ്‌പെന്‍ഡ് ചെയ്‌തു. കോളജ് കൗൺസിലിന്‍റെയും ആന്‍റി റാഗിങ് സെല്ലിന്‍റെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ഇന്നലെയാണ് (ജൂലൈ 19) മിധുലാജ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയായത്. കോളജിലെ 20 സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മിധുലാജിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മിധുലാജിന്‍റെ വസ്‌ത്ര ധാരണ രീതിയും ഹെയര്‍ സ്റ്റൈലും ചോദ്യം ചെയ്‌താണ് വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. മിധുലാജിന്‍റെ കണ്ണിനേറ്റ ഗുരുതര പരിക്ക് കാരണം കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ട്.
കൂടാതെ മൂക്കിന്‍റെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മിധുലാജിന്‍റെ പിതാവിന്‍റെ പരാതിയില്‍ കുന്നമംഗലം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്‌ച മിധുലാജിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മര്‍ദനമുണ്ടായത്. ഇതേ കോളജില്‍ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി സീനിയര്‍ വിദ്യാര്‍ഥിയുടെ റാഗിങ്ങിനിടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
താമരശ്ശേരിയിലെ കോളജിലും സമാന സംഭവം : ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് താമരശ്ശേരിയിലെ ഐഎച്ച്ആര്‍ഡി കോളജില്‍ നിന്നുള്ള സമാനമായ വാര്‍ത്ത പുറത്ത് വന്നത്. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന് ഇരയാക്കിയ 15 സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്.
ഈ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ അന്വേഷണ വിധേയമായാണ് സീനിയര്‍ വിദ്യാര്‍ഥികളെ കോളജ് സസ്‌പെന്‍ഡ് ചെയ്‌തത്. വൈകിട്ടോടെയായിരുന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന് ഇരയാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമായത്. സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെ വിദ്യാര്‍ഥി സംഘം പിരിഞ്ഞ് പോകുകയായിരുന്നു.
സാങ്കല്‍പ്പിക ബൈക്ക് ഓടിക്കാന്‍ നിര്‍ദേശം : കാസര്‍കോട് കുമ്പളയില്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയായിരുന്നു. അംഗടിമുഗള്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞ് വച്ചായിരുന്നു റാഗിങ്.
ആള്‍ക്കൂട്ടത്തില്‍ വച്ച് സാങ്കല്‍പ്പിക ബൈക്ക് ഓടിക്കാന്‍ നിര്‍ദേശിച്ചായിരുന്നു റാഗിങ്. വിദ്യാര്‍ഥികളുടെ നിര്‍ദേശം വിസമ്മതിച്ച വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തി. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.