ന്യൂഡൽഹി: കൊവിഡ് രോഗികളിൽ കുത്തിവയ്‌പിനുപയോഗിക്കുന്ന റെംഡെസിവിർ നൽകാമെന്ന വ്യാജേന ആവശ്യക്കാരിൽ നിന്ന് രണ്ട് ലക്ഷം രൂപയിലധികം പണം തട്ടിയെടുത്ത സംഭവത്തിൽ 18കാരിയായ കോളജ് വിദ്യാർഥിനി അറസ്റ്റിൽ. മധ്യപ്രദേശിലെ സിയോണി പ്രദേശവാസിയായ പ്രതി ഡൽഹിയിലെ ഒരു സർവകലാശാലയിൽ സൈക്കോളജി വിദ്യർഥിനിയാണ്. റെംഡെസിവിർ നൽകാമെന്ന് പറഞ്ഞ് ഡൽഹിയിലെ 11 പേരിൽ നിന്നും 2,25,000 രൂപയാണ് തട്ടിയെടുത്തതെന്നും ഡൽഹി പൊലീസ് അറിയിച്ചു. തിങ്കളാഴ്‌ച സിയോണിയിലെ വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഡൽഹി ഡിഫൻസ് കോളനി പൊലീസ് സ്റ്റേഷനിൽ അങ്കിത് കുമാറെന്നയാൾ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് കുത്തിവയ്‌പുകൾ 32,400 രൂപയ്ക്ക് നൽകുമെന്ന് കുമാറിന് നൽകിയ വാഗ്‌ദാനത്തെ തുടർന്ന് തുക പ്രതിയുടെ അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു. എന്നാൽ മരുന്ന് ലഭ്യമാകാത്തതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടുവെന്ന വിവരം അറിയുന്നത്. ഇയാൾ നൽകിയ പരാതിയെ തുടർന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് യുവതിയെ പിടികൂടുകയായിരുന്നു.
പ്രതിയിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ, ബാങ്ക് പാസ്ബുക്കുകൾ, നാല് എടിഎം കാർഡുകൾ എന്നിവ കണ്ടെടുത്തു. ഇവരുടെ അക്കൗണ്ടിൽ 1,33,000 രൂപ നിക്ഷേപം ഉള്ളതായും പൊലീസ് കണ്ടെത്തി. ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പ്രചാരണം നടത്തിയാണ് പണം സമ്പാദിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഏപ്രിൽ 29 മുതൽ മെയ് ഒന്ന് വരെ റെംഡെസിവിർ ആവശ്യപ്പെട്ടുകൊണ്ട് നിരവധി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ വന്നതായും പൊലീസ് കണ്ടെത്തി.
Also Read: റെംഡെസിവിർ കുപ്പിയിൽ ഉപ്പുവെള്ളം, 20,000 രൂപ വരെ ഈടാക്കി വിൽപ്പന,3 പേർ പിടിയിൽ