ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉയര്‍ന്ന കൊവിഡ് മരണനിരക്കിന് പാടത്ത് തീയിടുന്നത് മൂലമുണ്ടാവുന്ന മലിനീകരണം കാരണമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. അടുത്ത രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളില്‍ വ്യത്യാസം പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാടത്ത് അവശിഷ്‌ടങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണം ഡല്‍ഹിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത് മൂലം ആളുകളില്‍ ശ്വാസ തടസം ഉണ്ടാവുന്നുവെന്നും കൊവിഡ് രോഗികള്‍ മലിനവായു ശ്വസിക്കുന്നതോടെ ആരോഗ്യനില വഷളാവാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാടങ്ങളിലെ തീ മൂലമുള്ള മലിനീകരണം ഏതാനും ദിവസങ്ങളായി കുറഞ്ഞതോടെ അടുത്ത രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളില്‍ ഇതു മൂലമുള്ള കൊവിഡ് മരണനിരക്ക് കുറയുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഞായറാഴ്‌ച 6746 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12.6 ശതമാനമാണ് നിലവില്‍ ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. 121 പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ മരണ നിരക്ക് 8391 ആയി ഉയര്‍ന്നു. 11 ദിവസങ്ങള്‍ക്കിടെ ഇത് അഞ്ചാം തവണയാണ് ഡല്‍ഹിയിലെ മരണ നിരക്ക് പ്രതിദിനം നൂറിലധികമാവുന്നത്. തലസ്ഥാനത്തെ മരണ നിരക്ക് 1.58 ശതമാനമാണ്. എന്നാല്‍ 1.48 ശതമാനമാണ് ദേശീയ ശരാശരി.
ചികില്‍സ തേടി ഡല്‍ഹിക്ക് പുറത്ത് നിന്നെത്തുന്ന രോഗികളുടെ വര്‍ധനവും, കാലാവസ്ഥാ വ്യതിയാനവും, മലിനീകരണവും ഡല്‍ഹിയിലെ കൊവിഡ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണങ്ങളാണെന്ന് വിദഗ്‌ധര്‍ പറയുന്നു. ഡല്‍ഹിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണവും, പോസിറ്റിവിറ്റി നിരക്കും ക്രമാനുഗതമായി കുറയുകയാണെന്നും കൊവിഡ് നിയന്ത്രണത്തിലാവുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയില്‍ കൊവിഡ് രോഗികളായ 9418 പേര്‍ ചികില്‍സയിലാണെന്നും ആശുപത്രികളില്‍ ഇവര്‍ക്കായി 7900 ബെഡുകള്‍ കൂടി ഒഴിവുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.