മംഗളൂരു: കർണാടകയില്‍ ആദിവാസി യുവതിയെ വിവസ്‌ത്രയാക്കി ആക്രമിച്ച സംഭവത്തിൽ ഒന്‍പത് പേര്‍ പിടിയില്‍. ദക്ഷിണ കന്നഡ ജില്ലയിലെ ഗുരിപള്ളയിലാണ് സംഭവം. പ്രദേശവാസികളായ സന്ദീപ് (30), സന്തോഷ് (29), ഗുലാബി (55), സുഗുണ (30), കുസുമ (38), ലോകയ്യ (55), അനിൽ (35), ലളിത (40), ചെന്ന കേശവ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഏപ്രിൽ 19 ന് ഗ്രാമവാസികള്‍ നോക്കിനില്‍ക്കവെയാണ് സംഭവം. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ സംഘമെത്തിയപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. ഉദ്യോഗസ്ഥർ ഭൂമി അളന്നതിനെതിരെ പ്രതികള്‍ രംഗത്തെത്തി എതിർപ്പ് പ്രകടിപ്പിച്ചു. സർവേയർമാരോട് സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു.
തുടർന്ന്, ഒന്‍പതംഗ സംഘം യുവതിയെ മർദിക്കുകയുമുണ്ടായി. സംഘം യുവതിയുടെ വസ്‌ത്രങ്ങൾ വലിച്ചുകീറി അർധനഗ്നയാക്കുകയും സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു. മൂത്ത സഹോദരിയെയും അമ്മയേയും ഇവര്‍ മർദിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ 35 കാരി പറയുന്നു.