മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ രാത്രി കർഫ്യൂ. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കർഫ്യൂ. ഏപ്രിൽ നാല് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജിൻസി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വെങ്കിടേഷ് കെൻഡാർക്കർ പറഞ്ഞു.
കർഫ്യൂ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വീടുകളിൽ ഭക്ഷണമെത്തിക്കാൻ റെസ്റ്റോറന്‍റുകൾക്ക് അനുമതിയുണ്ടെങ്കിലും റെസ്റ്റോറന്‍റുകളിൽ പോയിരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. നാഗ്പൂർ നഗര പ്രദേശത്ത് മാർച്ച് 15 മുതൽ മാർച്ച് 21 വരെ നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് 14,317 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,66,374 ആയി. 1,06,070 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. അതേസമയം കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.