ഹൈദരാബാദ്: തെലങ്കാനയിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 16 പേര്‍ക്ക് പേപ്പട്ടി ആക്രമണത്തില്‍ പരിക്ക്. രംഗറെഡ്ഡി ജില്ലയില്‍ പത്ത് പേരാണ് ആക്രമണത്തിന് ഇരയായത്. ഗൃഹിണി രേണുക(32), ഗദല നന്ദീശ്വർ, (28), രാമുലമ്മ(60), കൊമുരയ്യ(65), വെങ്കിട്ടമ്മ(60), ബോഡ വെങ്കിട്ടമ്മ(55), സുധാകർ(50), ശ്യാംസുന്ദർ(26), മഹേഷ്(36), സായമ്മ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജനങ്ങളെ ആക്രമിച്ച പേപ്പട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
പരിക്കേറ്റവരെ ആശുപത്രിയിലത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് സ്ഥലത്തെത്തുന്നത് ഒന്നര മണിക്കൂര്‍ വൈകിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. യാദാദ്രി ഭുവനഗിരി ജില്ലയിലെ അദ്ദഗുഡൂര്‍ സ്വദേശിനിയായ ചിറ്റാലൂരി പൂലമ്മയ്‌ക്കും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ പൂലമ്മയുടെ കൈയ്‌ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
ഖമ്മം ജില്ലയിലെ ബോണക്കല്ലില്‍ ഏഴു വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയ്‌ക്കും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റു. രവിനൂതതല ഗ്രാമവാസിയായ തല്ലൂരി നവശ്രീസന്ദേശ് എന്ന വിദ്യാര്‍ഥിയാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച അമീര്‍പേട്ടില്‍ നാല് വയസുകാരന്‍ തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചൈതന്യപുരിയില്‍ അഞ്ച് വയസുകാരനും തെരുവ് നായ ആക്രമണത്തിന് ഇരയായിരുന്നു. മാരുതി നഗര്‍ കോളിനിയ്‌ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം.
തെലങ്കാനയിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നായകളുടെ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിന് ഉടനടി നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.