ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്‍റിൽ ഓക്സിജൻ ഉത്പാദനത്തിന്‍റെ ട്രയൽ റൺ വിജയം. ജില്ല കലക്ടർ സെന്തിൽ രാജ്, എസ്‌പി ജയകുമാർ തുടങ്ങിയവര്‍ ചൊവ്വാഴ്ച ട്രയൽ റൺ ഫലം പരിശോധിച്ചു. തുടക്കത്തിൽ 35 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ഇവിടുന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 3,000 സിലിണ്ടര്‍ (30 മെട്രിക് ടൺ) വാതക ഓക്സിജൻ നിറയ്ക്കാനുള്ള ശേഷിയും പ്ലാന്‍റിനുണ്ട്. ആവശ്യമായ സിലിണ്ടറുകൾ ഏകോപിപ്പിക്കുന്നത് എസ്‌ഐപിസിഒടി ആണ്.
കൂടുതൽ വായനയ്‌ക്ക്: തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ളാന്‍റ് ഓക്സിജന്‍ നിര്‍മാണത്തിന് വീണ്ടും തുറക്കും
ഓക്സിജൻ ഉത്പാദനത്തിനായി തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്‍റ് വീണ്ടും തുറക്കാൻ കഴിഞ്ഞ മാസം ആദ്യം തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിരുന്നു. 2018 മെയില്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇത് അടച്ചുപൂട്ടിയത്. പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി പ്ലാന്‍റ് വീണ്ടും തുറക്കുന്നതിന് തമിഴ്‌നാട്ടിലെ എല്ലാ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.