നല്‍ഗൊണ്ട (തെലങ്കാന): ബാങ്കുകളില്‍ നിന്ന് പണം വിന്‍വലിച്ച് മടങ്ങുന്നവരെ ലക്ഷ്യമിട്ട് നല്‍ഗൊണ്ടയില്‍ മോഷണ സംഘം. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മാത്രം ജില്ലയില്‍ നിന്ന് ഇത്തരത്തില്‍ 10 ലക്ഷത്തിലധികം രൂപയാണ് മോഷണ സംഘം കവര്‍ന്നത്. സാലിഗൗരാറാം മണ്ഡലിലെ ബാങ്കില്‍ നിന്ന് 1.50 ലക്ഷം രൂപ പിന്‍വലിച്ച യുവതിയെ സംഘം ആക്രമിച്ച് പണം കൈക്കലാക്കിയിരുന്നു.
യുവതിയുടെ കഴുത്തില്‍ ചൊറിയുന്ന സ്‌പ്രേ തളിച്ചാണ് മോഷണ സംഘം പണം അടങ്ങിയ ബാഗ് കൈക്കലാക്കി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടത്. മിരിയാലഗുഡ വണ്‍ ടൗണില്‍ സമാനമായ രീതിയില്‍ ഒരാളില്‍ നിന്ന് 1.25 ലക്ഷം രൂപയാണ് കവര്‍ന്നത്. മിരിയാലഗുഡ ടു ടൗണിലും നര്‍ക്കട്ട്പള്ളിയിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് പുറമെ ആന്ധ്രാപ്രദേശിലെ നന്ദിഗാമയിലും ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്‌തു.
തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തിന്‍റെ പിന്‍ഭാഗത്ത് ചൊറിയുന്ന സ്‌പ്രേ തളിച്ചാണ് സംഘം പണം കവരുന്നത്. പണം കൈവശമുള്ളവരുടെ പിന്‍ കഴുത്തിലും മറ്റും സ്‌പ്രേ തളിച്ച്, ഇവര്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ പണം തട്ടിയെടുത്ത് സംഭവ സ്ഥലത്ത് നിന്ന് ഉടന്‍ സ്ഥലം വിടുന്നതാണ് മോഷണ സംഘത്തിന്‍റെ രീതി.
ഇരുചക്ര വാഹനത്തില്‍ ബാങ്ക് പരിസരത്ത് കറങ്ങി നടന്ന് വലിയ തോതില്‍ പണം പിന്‍വലിക്കുന്നവരെ ലക്ഷ്യം വച്ചാണ് മോഷണം. സിസിടിവി കാമറയില്‍ പതിഞ്ഞ മോഷ്‌ടാക്കളുടെ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നല്‍ഗൊണ്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: രാജ്യത്ത് സാമ്പത്തിക തട്ടിപ്പിനിരയായ കുടുംബങ്ങള്‍ 39 ശതമാനം; സര്‍വേ റിപ്പോര്‍ട്ട്