ബംഗളൂരു: വാക്‌സിൻ വാങ്ങുന്നതിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 100 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകാൻ കോൺഗ്രസ് എംഎൽഎമാരും എംപിമാരും തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അറിയിച്ചു. കെപിസിസി ഓഫീസിൽ ഡി കെ ശിവകുമാറുമായി സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എല്ലാ എംഎൽഎമാർക്കും രണ്ട് കോടി രൂപ പ്രാദേശിക വികസന ഫണ്ടായി നൽകുന്നുണ്ട്. 95 കോൺഗ്രസ് എംഎൽഎമാർ, ഒരു എംപി, നാല് രാജ്യസഭാ അംഗങ്ങൾ ഉൾപ്പെടെ 100 കോൺഗ്രസ് നേതാക്കള്‍ ചേര്‍ന്ന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി വീതം നൽകും. ആകെ 100 കോടി രൂപ വാക്സിന്‍ വിതരണത്തിനായി കോണ്‍ഗ്രസ്, സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
Also Read: വീണ്ടും ജപ്പാന്‍; ഇന്ത്യയ്ക്ക് 18.5 ദശലക്ഷം യുഎസ് ഡോളർ അടിയന്തര സഹായം
ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ കടമ. അതിനാൽ 100 കോടി രൂപ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ഉപയോഗിക്കാൻ ഞങ്ങൾ കേന്ദ്രത്തിൽ നിന്ന് അനുമതി ചോദിക്കും. വാക്‌സിൻ വാങ്ങലുമായി ബന്ധപ്പെട്ട എല്ലാ ടെൻഡറുകളിലും സുതാര്യത ഉറപ്പുവരുത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ പറഞ്ഞു.