ഗുരുഗ്രാം (ഹരിയാന) : വിശ്വഹിന്ദു പരിഷത്തിന്‍റെ എതിർപ്പിനെ തുടര്‍ന്ന് ഗുരുഗ്രാമിൽ നടത്താനിരുന്ന സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയയാളാണ് കുനാൽ കമ്ര. കുനാല്‍ തന്‍റെ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
സെപ്‌റ്റംബർ 17, 18 തീയതികളിൽ ഗുരുഗ്രാമിലെ സെക്‌ടർ 29ലെ സ്റ്റുഡിയോ എക്‌സ്ഒ പബ് ബാറിലാണ് ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. കുനാൽ കമ്രയ്‌ക്കൊപ്പം മറ്റ് നിരവധി ഹാസ്യതാരങ്ങളേയും ഷോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഷോ റദ്ദാക്കാൻ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.
ഷോ മുടങ്ങിയതിനാൽ 12 ലക്ഷത്തോളം രൂപ നഷ്‌ടം വന്നിട്ടുണ്ട്. എന്നാൽ ഷോയുമായി മുന്നോട്ടുപോയാൽ ഗുരുഗ്രാമിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാൽ പരിപാടി അടിയന്തരമായി റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പബ്ബിന്‍റെ മാനേജർ അറിയിച്ചു.