മധുരൈ: ചിത്തിരോത്സവത്തിന്‍റെ ഭാഗമായുണ്ടായ തിക്കിലും തിരിക്കിലുംപ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഇന്നലെയാണ് അപകടം സംഭവിച്ചത്. മരിച്ചയാളുകളില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഉത്സവത്തിന്‍റെ ഭാഗമായി മധുരയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കല്ലഴഗര്‍ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തെ വൈഗ നദിക്കരയില്‍ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. നദിയിലേക്ക് ഉള്‍പ്പടെ ഇറങ്ങിയായിരുന്നു ഭക്തര്‍ ദര്‍ശനം നടത്തിയത്. ഈ സമയത്ത് സ്ഥലത്ത് വലിയ രീതിയില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.
പിന്നാലെ ആര്‍വാപുരം ഭാഗത്ത് നിന്നായിരുന്നു തിക്കിലും തിരക്കിലുംപെട്ട് മരിച്ച 40 കാരനായ ഒരു വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ വൈഗ നദിയുടെ കല്‍പ്പാലത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ഇരുവരുടെയും മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.
ഇതില്‍ ഒരാള്‍ മധുര വ്ളാച്ചേരി സ്വദേശിയായ 18 കാരന്‍ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഈ മൂന്ന് മൃതദേഹങ്ങളും പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കായി മധുര ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ ഇന്ന് രാവിലെ രണ്ട് മൃതദേഹം കൂടി പൊലീസ് കണ്ടെത്തിയിരുന്നു. മധുര എംകെ പുരം സ്വദേശി സൂര്യ പ്രകാശ് (23), മധുര നോര്‍ത്ത് സ്വദേശി സുടലൈമുത്തു എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.